കോട്ടക്കൽ: മാലിന്യമുക്തം നവകേരളം -വലിച്ചെറിയൽ മുക്ത കാമ്പയിന്റെ ഭാഗമായി ഏഴുദിവസം നടന്ന പരിശോധനയിൽ കോട്ടക്കൽ നഗരസഭ ആരോഗ്യ വിഭാഗം പിഴ ഈടാക്കിയത് ഒന്നരലക്ഷത്തോളം രൂപ.
വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ചൊവ്വാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിൽ മാലിന്യം ഹരിതകർമസേനക്ക് നൽകാതെ കത്തിച്ച രണ്ടു വിടുകൾക്കെതിരെ നടപടി സ്വീകരിച്ചു. മാലിന്യം കത്തിച്ച പച്ചക്കറി മൊത്ത വിതരണ സ്ഥാപനത്തിനെതിരെയും പിഴ ചുമത്തി.
മലിനജലം അലക്ഷ്യമായി കൈകാര്യം ചെയ്ത ചങ്കുവെട്ടിയിലെ ആശുപത്രിക്കെതിരെയും ഹോട്ടലിനെതിരെയും കാൽലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്.
സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് അടക്കം മാലിന്യം തള്ളിയ പച്ചക്കറി വ്യാപാര സ്ഥാപനത്തിനെതിരെയും സഹകരണ ബാങ്കിനെതിരെയും നോട്ടീസ് നൽകി. ഇവർക്ക് 5000 രൂപ വീതം പിഴയിട്ടു. മാലിന്യം ചാക്കിലാക്കി റോഡിൽ തള്ളിയ സ്ഥാപനത്തെ കണ്ടെത്താൻ നിരീക്ഷണ കാമറ പരിശോധന നടപടികളും സ്വീകരിച്ചു.
16 സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടപടികൾ. നഗരസഭ ക്ലീൻസിറ്റി മാനേജർ വി.പി. സക്കീർ ഹുസൈൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അരുൺ സാബു എന്നിവർ നേതൃത്വം നൽകി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജൻ, മുഹമ്മദ് ഹുസൈൻ എന്നിവരും സ്ക്വാഡിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.