മലപ്പുറം: ''മഴ കനത്താൽ ഉള്ളിൽ തീയാണ്...മനസ്സില്ലാ മനസ്സോടെ വീടുവീട്ടിറങ്ങാണ് ഓരോ മഴക്കാലത്തും. ഏഴാം തവണയാണ് ഇതിപ്പോൾ വീട് വിട്ട് ക്യാമ്പുകളിലെത്തുന്നത്. എത്രനാൾ ഇങ്ങനെ പേടിച്ച് ജീവിക്കും...ഈ ദുരിതം എന്നവസാനിക്കും...'' കനത്ത മഴയിൽ കോട്ടക്കുന്ന് ചരിവിൽനിന്ന് മലപ്പുറം ടൗൺഹാളിലെ ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിച്ച കുടുംബങ്ങളുടെ വിങ്ങലുകളാണിത്. കോട്ടക്കുന്ന് ചോലയിൽ റോഡിലെ എട്ട് കുടുംബങ്ങളാണ് ക്യാമ്പിലെ പരിമിത സൗകര്യങ്ങളിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്. ദുരിതവേളയിൽ ക്യാമ്പിൽ കഴിയുന്നവർ അവരുടെ ആശങ്കകളും ആവശ്യങ്ങളും 'മാധ്യമ'വുമായി പങ്കുവെക്കുന്നു...
സ്വന്തം സ്ഥലത്ത് താമസിക്കാൻതന്നെയാണ് ഒരോരുത്തർക്കും ഇഷ്ടം. എന്നാൽ, ഭീതിയോടെ എത്രനാൾ താമസിക്കുമെന്നതാണ് ഇവരുടെ ചോദ്യം. മഴയോ കാറ്റോ തുടർന്നാൽ ക്യാമ്പുകളിലേക്ക് മാറുന്നത് പതിവാണ്. കഴിഞ്ഞ 10 ദിവസം മുമ്പാണ് എല്ലാവരും ഇതേ ക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങിയത്. വീണ്ടും ദിവസങ്ങൾക്കുള്ളിൽതന്നെ തിരിച്ചെത്തിയിരിക്കുകയാണ്. ഞങ്ങൾക്ക് ഭീതിയില്ലാതെ ജീവിക്കാൻ ഒരിടമാണാവശ്യമെന്ന് ക്യാമ്പിലെ അന്തേവാസിയായ ഷാജഹാനും മുജീബ് റഹ്മാനും ഒരേ സ്വരത്തിൽ പറഞ്ഞു. പൂട്ടിപ്പോന്ന വീടുകളിൽനിന്ന് പുറമെയുള്ള സാധനങ്ങൾ മോഷണം പോവുന്നതും പതിവായിട്ടുണ്ട്. നിലവിലുള്ള ഞങ്ങളുടെ സ്ഥലം സർക്കാർ ഏറ്റെടുത്ത് പുതിയ മറ്റൊരു സ്ഥലത്ത് ഇവിടത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും ഇവർ പറഞ്ഞു.
ടൗൺഹാളിലെ ക്യാമ്പിൽ ബെഡും കട്ടിലുമൊക്കെയുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും അടച്ചുറപ്പില്ലാത്തതും സുരക്ഷ പ്രശ്നങ്ങളുമാണ് സ്ത്രീകൾ ചൂണ്ടിക്കാട്ടിയത്. ക്യാമ്പിൽ കൂടുതലും സ്ത്രീകളാണ്. നഗരമധ്യത്തിലുള്ള കെട്ടിടമായതിനാൽ രാത്രിസമയങ്ങളിൽ സാമൂഹിക വിരുദ്ധരുടെ സഞ്ചാര വഴിയാണ് ടൗൺഹാൾ പരിസരം. കോട്ടക്കുന്നിലേക്കുള്ള വഴിയിലും നഗരത്തിന്റെ സമീപ ഭാഗങ്ങളിലുമെല്ലാം അപരിചിതരും ലഹരി ഉപയോഗിക്കുന്നവരും കൂടുതലായി എത്തുന്നുണ്ട്. പൊലീസിനോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായെടുത്തിട്ടില്ലെന്ന അഭിപ്രായം ഉയർന്നു. ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ ദിവസങ്ങൾ കഴിയുന്നത് ആശങ്കയുണ്ടെന്ന് ഇവർ പറയുന്നു. ഹാളിന്റെ ജനലുകൾക്ക് പലതിനും പൊളിയില്ലാത്തതിനാൽ ഉള്ളിലേക്കുള്ള കാഴ്ച വ്യക്തമാണ്. രാത്രി സമയത്ത് കട്ടിലുകളും തുണികളും വെച്ച് ജനലുകൾ മറയ്ക്കേണ്ട അവസ്ഥയാണ്.
വീട്ടിലിരുന്ന് പഠിക്കുന്ന പോലെ കുട്ടികൾക്ക് ക്യാമ്പുകളിൽ പഠിക്കാൻ ഏറെ പ്രയാസമുണ്ടെന്നായിരുന്നു വീട്ടമ്മമാരുടെ മറ്റൊരു പ്രധാന പരാതി. സ്കൂളിൽനിന്ന് നൽകുന്ന പഠനജോലികളും പാഠങ്ങളും മറ്റു വർക്കുകളുമെല്ലാം ക്യാമ്പുകളിൽ ഏകാന്തതയോടെ ചെയ്യാൻ പലർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. സ്കൂളിലേക്ക് പോവാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുമെല്ലാം ക്യാമ്പുകളിലെ പ്രയാസങ്ങൾ പലർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
നഗരസഭയുടെ കീഴിൽ പുതുതായി പണികഴിപ്പിച്ച ഷെൽട്ടർ ഹോം ഉണ്ടെങ്കിലും കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ല. കോട്ടപ്പടി നഗരസഭ ബസ്സ്റ്റാൻഡിന് സമീപം രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ഷെൽട്ടർ ഹോമിൽ വൈദ്യുതിയും വെള്ളവും ശരിയായിട്ടുണ്ടെങ്കിലും മറ്റ് അസൗകര്യങ്ങൾ കാരണം കോട്ടക്കുന്നിലെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം നിലവിലില്ലെന്നും അതിനാലാണ് കുടുംബങ്ങളെ ടൗൺഹാളിലേക്ക് മാറ്റിയതെന്നും നഗരസഭ ചെയർമാൻ മുജീബ് കാടേരി പ്രതികരിച്ചു. ഷെൽട്ടർ ഹോമിൽ നിലവിൽ ഒരു ഹാൾ മാത്രമാണുള്ളത്. മുകളിലേക്ക് ഒരു നില കൂടി നിർമിച്ചാൽ കുറച്ച് കുടുംബങ്ങളെ ഇത്തരം ഘട്ടങ്ങളിൽ മാറ്റിത്താമസിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടക്കുന്ന് ചരിവിലെ കുടുംബങ്ങളുടെ പ്രതിസന്ധിയും ബുദ്ധിമുട്ടും എം.എൽ.എ കാര്യമായി പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ക്യാമ്പിൽ നിന്നുയർന്നു. 2019ലെ ദുരിത സമയത്തിനു ശേഷം കഴിഞ്ഞ ദിവസം മാത്രമാണ് എം.എൽ.എ കുടുംബങ്ങളെ സന്ദർശിച്ചതെന്ന് ക്യാമ്പ് നിവാസികൾ ആരോപിച്ചു. സ്വന്തം മണ്ഡലത്തിലെ നിവാസികളുടെ പ്രശ്നമെന്ന നിലക്ക് തങ്ങളുടെ പുനരധിവാസവും മറ്റു പ്രശ്നങ്ങളും ഗൗരവത്തിലെടുക്കണമെന്ന് കോട്ടക്കുന്ന് നിവാസികൾ പറഞ്ഞു.
അതേസമയം, കോട്ടക്കുന്ന് നിവാസികളുടെ ദുരിതം താൻ നിയമസഭയിൽ ഉന്നയിച്ചിരുന്നെന്നും ജില്ല കലക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗങ്ങളിലും നിരന്തരം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പി. ഉബൈദുല്ല എം.എൽ.എ പ്രതികരിച്ചു. ഇത്തരം ആവശ്യങ്ങളിൽ ഒരു എം.എൽ.എക്ക് മാത്രം പരിഹാരം കണുന്നതിന് പരിമിതിയുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് മലപ്പുറത്തെത്തിയപ്പോൾ ഇവരുടെ ദുരിതം നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.
ഭീതിയോടെ കഴിയുന്ന കുടുംബങ്ങളുടെ സമാധാന ജീവിതത്തിന് പുനരധിവാസംതന്നെയാണ് പോംവഴിയെന്നും എല്ലാ ജനപ്രതിനിധികളും അതിന് ഒറ്റക്കെട്ടായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നഗരസഭ കൗൺസിലർ കെ.ടി. രമണി പറഞ്ഞു.
വീട്ടുകാരുടെ പ്രയാസങ്ങൾ വിവരിച്ച് ജില്ല കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. തുടർച്ചയായുള്ള കാലാവസ്ഥ മാറ്റങ്ങൾമൂലം ഏത് സമയത്തും സ്വന്തം വീട് ഒഴിയേണ്ട പ്രയാസമേറിയ സാഹചര്യത്തിലൂടെയാണ് ഇവിടത്തെ താമസക്കാർ കടന്നുപോവുന്നതെന്നും മെംബർ പറഞ്ഞു.
ഒാരോ മഴക്കാലത്തും കോട്ടക്കുന്ന് നിവാസികളെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കാൻ സഗരസഭക്കും താൽപര്യമില്ലെന്നും അവരുടെ ആശങ്കകൾക്ക് ശാശ്വത പരിഹാരമാണാവശ്യമെന്നും മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. മലപ്പുറം സ്പിന്നിങ് മില്ലിനടുത്ത് ഒഴിഞ്ഞുകിടക്കുന്ന ഒരേക്കറിലധികം ഭൂമിയുണ്ട്.
വനംവകുപ്പിന്റെ കീഴിലുള്ള ഈ സ്ഥലം ജനവാസ മേഖലയിലാണ്. ഒരുപകാരവുമില്ലാതെ കിടക്കുന്ന താമസയോഗ്യമായ ഈ സ്ഥലം സർക്കാർ വിട്ടുനൽകുകയാണെങ്കിൽ ഭവന നിർമാണത്തിന് നഗരസഭ മുൻകൈ എടുക്കും. മൂന്ന് മരണം സംഭവിച്ച ദുരന്ത സ്ഥലമെന്ന പരിഗണനയിൽ ഇവിടത്തെ കുടുംബങ്ങളുടെ പുനരധിവാസത്തിന് സ്ഥലം ലഭ്യമാക്കണമെന്ന് അടുത്ത കൗൺസിലിൽ പ്രമേയത്തിലൂടെ ആവശ്യപ്പെടുമെന്നും ചെയർമാൻ പറഞ്ഞു.
മലപ്പുറം: ശാശ്വത പരിഹാരമെന്ന നിലയിൽ കോട്ടക്കുന്ന് ചരിവിലെ കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് പി. ഉബൈദുല്ല എം.എൽ.എ ആവശ്യപ്പെട്ടു. മഴക്കാറ് വന്നാൽ ഇവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് അയക്കുന്നതിന് പകരം ഉവരുടെ സ്ഥലം ഏറ്റെടുത്ത് പകരം ഭൂമിയും വീടും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം: കോട്ടക്കുന്നിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് മൂന്നുപേർ മരിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും നിവാസികളുടെ ആശങ്കക്ക് പരിഹാരം കാണാൻ അധികൃതർക്കായിട്ടില്ല. ശാശ്വത പരിഹാരം കാണാതെ മഴ വരുമ്പോള് താൽക്കാലികമായി മാറ്റിപ്പാര്പ്പിക്കുന്ന സമീപനമാണ് ഇപ്പോഴും തുടരുന്നത്. മഴ പെയ്യുന്നതോടെ മാറിത്താമസിക്കാനുളള നിർദേശം നൽകുക എന്നതാണ് ജില്ല ഭരണകൂടം ആവർത്തിക്കുന്ന നടപടി. പ്രളയത്തെ തുടർന്ന് പാർക്കിലെ നടപ്പാതയോട് ചേർന്നുള്ള ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇത് താൽക്കാലികമായി അധികൃതർ അടച്ചിരുന്നെങ്കിലും വീണ്ടും അപകടാവസ്ഥയിലാണ്.
മണ്ണിടിച്ചിലിന് ശേഷം റവന്യൂ, ജിയോളജി ഉൾപ്പെടുന്ന വിദഗ്ധ സമിതികൾ റിപ്പോർട്ട് തയാറാക്കി കലക്ടർക്ക് സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. മഴക്കെടുതികൾ വീണ്ടും വരുമെന്നതിനാൽ പ്രദേശത്ത് സുരക്ഷ ഒരുക്കുകയോ പകരം വീടും സ്ഥലവും നൽകി മാറ്റിപ്പാർപ്പിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. വിഷയത്തിൽ സർക്കാറും ജനപ്രതിനിധികളും കൃത്യമായ പരിഹാരം കാണാൻ അടിയന്തരമായി ശ്രമിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.