പൊന്നാനി: കോവിഡ് ഭീതിക്കൊപ്പം കാലാവസ്ഥ മുന്നറിയിപ്പും കൂടിയായതോടെ ജില്ലയിലെ തീരത്തിനിത് സങ്കടപ്പെരുന്നാൾ. ട്രോളിങ് നിരോധനം കൂടി പടിവാതിലിലെത്തിയതോടെ അക്ഷരാർഥത്തിൽ നടുക്കടലിലാണ് മത്സ്യബന്ധനമേഖല. വിശപ്പകറ്റാൻ അന്നം തേടി തണുത്തുറഞ്ഞ ശൈത്യത്തിലും, കൊടുംവേനലിലും കടലിലേക്കിറങ്ങുന്ന കടലമ്മയുടെ മക്കൾക്ക് വർഷങ്ങളായി നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണുള്ളത്. തൃശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് മുതൽ കോഴിക്കോട് ജില്ലാതിർത്തിയായ വള്ളിക്കുന്ന് വരെ 70 കിലോമീറ്റർ നീളത്തിൽ പരന്ന് കിടക്കുന്ന കടലിെൻറ മക്കൾക്ക് പലപ്പോഴും, പട്ടിണിയും, ദാരിദ്ര്യവും മാത്രമായി ജീവിതം മാറി. ലോക്ഡൗണിൽ ഹാർബറുകൾ അടച്ചിട്ടതിനെത്തുടർന്ന് മത്സ്യലഭ്യതക്ക് സാധ്യതയുള്ള സമയത്ത് യാനങ്ങൾ കരക്കടുപ്പിച്ചതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ വീടുകളിൽ കഴിയുന്നു. ചെറുവള്ളങ്ങൾക്ക് കടലിൽ പോകാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒരാഴ്ചയായുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് ഈ മാർഗ മടഞ്ഞു. സർക്കാർ രജിസ്റ്റർ ചെയ്ത കണക്കനുസരിച്ച് ജില്ലയിൽ 191 ട്രോൾ ബോട്ടുകളും, 252 വലിയ എൻജിൻ ഘടിപ്പിച്ച ഇൻ ബോർഡ് വള്ളങ്ങളും, 4225 ചെറുഎൻജിൻ ഘടിപ്പിച്ച ഔട്ട് ബോർഡ് വള്ളങ്ങളുമാണ്.
മത്സ്യലഭ്യതക്കുറവും വിലക്കയറ്റവും
കഴിഞ്ഞ അഞ്ചു വർഷമായി മുക്കാൽ ഭാഗം മത്സ്യ ബന്ധന യാനങ്ങളും, നഷ്ടം സഹിച്ചാണ് മിക്കപ്പോഴും കടലിൽ നിന്നും തിരികെയെത്തുന്നത്. കടലിലെ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം മൂലം മത്സ്യലഭ്യത കുറഞ്ഞുവെന്നാണ് ഈ രംഗത്ത് പഠനം നടത്തുന്നവർ പറയുന്നത്.
കരക്കൊപ്പം തന്നെ കടലും പൊള്ളുന്നതിനാൽ, മത്സ്യങ്ങൾ തീരക്കടലിൽ നിന്നും,ആഴക്കടലിലേക്ക് മാറിയെന്നും, പല മത്സ്യങ്ങളുടെ നാശത്തിന് വഴിവെച്ചുവെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ട്രോളിങ് നിരോധനത്തിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ ബോട്ടുകൾക്ക് ലഭിക്കുന്ന കൂന്തൾ, വലിയ ചെമ്മീൻ എന്നിവ ഇപ്പോൾ കണി കാണാനില്ലാത്ത സ്ഥിതിയിലാണ്. ചെറുമത്സ്യങ്ങൾ പിടിച്ച് ഉപജീവനം നേടിയിരുന്നവർക്കും കാര്യമായി മീൻ കിട്ടുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ആഴ്ചകളിൽ ബോട്ടുകൾക്ക് ആശ്വാസത്തിന് വക നൽകി ചെമ്മീൻ ,മാന്തൾ, അയക്കൂറ, അയില, കിളിമീൻ, കൂന്തൾ എന്നിവ ലഭിക്കുന്നുണ്ട്.
മത്സ്യലഭ്യതയുടെ ദൗർലഭ്യം വില വർധനക്കും ഇടയാക്കുന്നുണ്ട്. കഴന്തൻ ചെമ്മീന് ഹാർബറിൽ 250 മുതൽ 300 രൂപ വരെയാണ് വില. ഇത് മാർക്കറ്റിലെത്തുമ്പോൾ 350 രൂപയോളം വിലവരും. പൂവാലൻ ചെമ്മീന് 180 മുതൽ 200 രൂപ വരെയാണ് മൊത്ത വില.എന്നാൽ ഇത് കയറ്റുമതി മത്സ്യമായതിനാൽ കിട്ടാനില്ലാത്ത സ്ഥിതിയാണ്. അയക്കൂറക്ക് 400 രൂപയോളം ശരാശരി വില വരുമ്പോൾ അയിലക്കും വില വിലയാണ് നൽകേണ്ടി വരുന്നത് .280 രൂപയോളം ശരാശരി മൊത്ത വിലയുള്ള അയിലയും സാധാരണക്കാർക്ക് തൊട്ടാൽ പൊള്ളുവെന്ന സ്ഥിതിയാണ്.
സ്തംഭനാവസ്ഥയിലായി കയറ്റുമതി മേഖല
പ്രാദേശിക മത്സ്യ മാർക്കറ്റുകളിൽ വിറ്റഴിക്കുന്ന മത്സ്യത്തേക്കാൾ ഉപരി കയറ്റുമതിയിലൂടെയാണ് തൊഴിലാളികളും, ബോട്ടുടമകളും, നേട്ടമുണ്ടാക്കിയിരുന്നത്. വലിയ മത്സ്യങ്ങൾ കടലിൽ നിന്നും ലഭിക്കുന്ന മുറക്ക് കൊച്ചിയിലേക്കും, മംഗലാപുരത്തേക്കും കൊണ്ടുപോയിരുന്ന കാഴ്ചകളാണ് വർഷങ്ങളായി നിലച്ചത്. കൂടുതൽ പണവും, ലാഭവും ലഭിക്കുമെന്നതാണ് കയറ്റുമതി മേഖലയെ മത്സ്യത്തൊഴിലാളികൾക്ക് ആകർഷകമായിരുന്നത്. കയറ്റുമതി മത്സ്യങ്ങളുടെ ലഭ്യതക്കുറവിനെത്തുടർന്ന് ഈ മേഖലയിൽ സജീവമായിരുന്ന പലരും ഇതിൽ നിന്നും പിൻ വാങ്ങി. ഇതിനിടെ കൊച്ചിയിലെ എക്സ്പോർട്ട് മേഖലയിൽ നാളുകളായി അനുഭവപ്പെടുന്ന മാന്ദ്യവും ജില്ലയിലെ കയറ്റുമതി മേഖലക്ക് തിരിച്ചടിയായി. ഇന്ധനവില വർധനയെത്തുടർന്ന് ചരക്കുഗതാഗതവും, ദുസ്സഹമായതോടെ കയറ്റുമതി ലാഭവും കുത്തനെ ഇടിഞ്ഞു. വലിയ ഇടപാടുകൾ നടത്തുന്നതിലെ നിയന്ത്രണങ്ങളും, നൂലാമാലകളും പലരെയും മത്സ്യകയറ്റുമതിയിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു.
തിരിച്ചടിയായി കടലാക്രമണവും ട്രോളിങ് നിരോധനവും
വർഷ കാലത്തുണ്ടാവുന്ന കടലാക്രമണങ്ങളിൽ മാസങ്ങളോളം നഷ്ടം സഹിച്ച് കരക്കിരിക്കേണ്ടി വരുന്ന തൊഴിലാളികൾക്ക് പലപ്പോഴും ലഭിക്കുന്നത് നാമമാത്ര ആനുകൂല്യങ്ങളാണ്. കടം വാങ്ങിയാണ് ഇക്കാലയളവിൽ തൊഴിലാളികൾ നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്.കഴിഞ്ഞവർഷം ലോക്ഡൗണിനെത്തുടർന്ന് 2000 രൂപ സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചെങ്കിലും, ഓഖി ദുരന്ത സമയത്ത് പ്രഖ്യാപിച്ച ധനസഹായമാണ് ഇവർക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.