ചേലേമ്പ്ര: വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര ഗ്രാമപഞ്ചായത്തുകൾക്കുള്ള കുടിവെള്ള പദ്ധതിക്കായി കാലിക്കറ്റ് സർവകലാശാല വിട്ടുനൽകിയ ഭൂമി സംബന്ധിച്ചുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പ് വെക്കുന്നതിലെ തർക്കം സർക്കാറിന് വിടാൻ ധാരണ. പി. അബ്ദുൽ ഹമീദ് എം.എൽ.എ വിളിച്ച ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
ചെനക്കലിലെ ജലസംഭരണിയുടെയും ശുചീകരണശാലയുടെയും പ്രവൃത്തി അന്തിമഘട്ടത്തിലാണെങ്കിലും പദ്ധതിക്കായി സർവകലാശാല വിട്ടുനൽകിയ ഭൂമി സംബന്ധിച്ച എം.ഒ.യു ഇത് വരെ പരസ്പരം ഒപ്പുവെച്ചിട്ടില്ല. ഭൂമി പദ്ധതിക്കായി നൽകുന്നതിന് പകരം സർവകലാശാലക്ക് ആവശ്യാനുസരണം വെള്ളം സൗജന്യമായി നൽകണമെന്ന് വ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്നതാണ് തർക്കത്തിന് കാരണം. ഇതിന് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാറാണ്. പ്രസ്തുത നിർദേശം സർക്കാറിന്റെ അന്തിമ തീരുമാനത്തിന് വിധേയമായി ധാരണാപത്രം കരട് തയാറാക്കി സർവകലാശാലക്ക് നൽകാൻ ജല അതോറിറ്റിക്ക് നിർദേശം നൽകി. രണ്ടു വകുപ്പ് മന്ത്രിമാരെയും ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിക്കാൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകും. ജലസംഭരണിയുടെയും ശുചീകരണശാലയുടെയും പ്രവൃത്തി പൂർത്തിയായെങ്കിലും ചുറ്റുമതിൽ നിർമിക്കാനും പൈപ്പ് ലൈൻ കണക്ട് ചെയ്യാനും സർവകലാശാലയുടെ അനുമതി വേണ്ടി വരും. കൂടാതെ വാഴക്കാട് മുണ്ടുമുഴി ചാലിയാർ പുഴയിൽനിന്ന് 22 കിലോമീറ്റർ ദൂരത്തിൽ വരുന്ന പമ്പിങ് മെയിൻ പ്രവൃത്തി 16 കിലോമീറ്റർ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ ദേശീയപാത കാക്കഞ്ചേരി മുതൽ സർവകലാശാല വരെയുള്ള ഭാഗത്തിലൂടെ പൈപ്പ് ലൈൻ കൊണ്ടുപോകാൻ അനുമതി ലഭിക്കാത്തതിനാൽ പുൽപറമ്പ്-യു.കെ.സി-ചെട്ടിയാർമാട് വഴി ഗ്രാമീണ റോഡിലൂടെയാണ് പമ്പിങ് മെയിൻ കൊണ്ടുപോകുന്നത്. പ്രസ്തുത റോഡുകൾ പൈപ്പ് ലൈൻ സ്ഥാപിച്ച് പൂർവസ്ഥിതിയിലാക്കി ജല അതോറിറ്റി തന്നെ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.