മമ്പാട്: ജില്ലയിൽ മഞ്ഞപ്പിത്തം, മുണ്ടിനീര്, മറ്റു ജലജന്യ രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മമ്പാട് പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ ദം സോഡ, മസാല സോഡ, എരിവും പുളിവും കലർന്ന പ്രത്യേക പാനീയങ്ങൾ എന്നിവ വിൽക്കുന്നത് നിരോധിച്ചു. റമദാനിൽ നോമ്പ് തുറക്ക് ശേഷമുള്ള സമയത്താണ് നിരോധനം കർശനമാക്കിയത്.
ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന കണ്ടെത്തലാണ് നിരോധനത്തിന് കാരണം. വിൽപന നടക്കുന്നുണ്ടോയെന്നറിയുന്നതിന് സ്ഥാപനങ്ങളിൽ ഗ്രാമപഞ്ചായത്തും ആരോഗ്യവിഭാഗവും സംയുക്തമായി പരിശോധന നടത്തി. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.പി. ഷമീർ, ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. ഷിജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെ.എസ്. ഷിജോയ്, ഗോപിക ഉദയൻ, വി. ജിജി, വിജിലൻസ് സ്ക്വാഡ് അംഗങ്ങളായ അച്യുതൻ, വിഷ്ണു തുടങ്ങിയവരാണ് പരിശോധന നടത്തിവരുന്നത്. നിരോധിത പാനീയങ്ങളും വസ്തുകളും വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി പി. അവിസന്ന, മമ്പാട് കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഷെറിൻ കൃഷ്ണ എന്നിവർ അറിയിച്ചു.
വണ്ടൂർ: മലയോര മേഖലയിൽ മഞ്ഞപ്പിത്തമടക്കമുള്ള ജലജന്യ രോഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ റമദാനിൽ നോമ്പുതുറന്നതിനു ശേഷമുള്ള വഴിയോര പാനീയ കച്ചവട കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്.
പൊലീസുമായി ചേർന്നാണ് രാത്രികാലങ്ങളിൽ പരിശോധന നടത്തുന്നത്.
വ്യത്യസ്ത പേരുകളിട്ട് റമദാനിൽ രാത്രികാലങ്ങളിൽ പാതയോരത്ത് സജീവമാകുന്ന ഇത്തരം കച്ചവടങ്ങൾ അരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിലാണ് പരിശോധന വ്യാപകമാക്കിയത്. പഞ്ചായത്ത് പരിധിയിൽ ഇത്തരത്തിലുള്ള ദം സോഡ, മസാല സോഡ ഉൾപ്പെടെ എരിവും പുളിയും മറ്റു മസാല കൂട്ടുകളും ഉപയോഗിച്ചുള്ള പാനീയങ്ങൾ നിരോധിച്ചിട്ടുണ്ട്. ബ്രാൻറ് നെയിം ഇല്ലാത്ത ഐസുകൾ, ലായനികൾ മുതലായവയും ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദേശവും ആരോഗ്യ വകുപ്പ് നൽകി. കൂടാതെ ഇത്തരം കേന്ദ്രങ്ങളിലുള്ള മുഴുവൻ പേർക്കും ഹെൽത്ത് കാർഡും നിർബന്ധമാക്കി.പരിശോധനക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. പ്രഭാകരൻ, എസ്. സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.