കാളികാവ്: മുത്തൻതണ്ടിൽ പുതിയപാലം നിർമിക്കാനായി പഴയ നടപ്പാലം പൊളിച്ചുനീക്കി. ഹൈകോടതി വ്യവഹാരങ്ങൾ അവസാനിച്ചതോടെയാണ് പാലത്തിന്റെ നിർമാണ പ്രവൃത്തി തുടങ്ങിയത്. ഇതിന്റെ ഭാഗമായി പഴയ നടപ്പാലം പൊളിച്ചുമാറ്റി. ജില്ല പഞ്ചായത്തിന്റെ രണ്ടുകോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. ജില്ല പഞ്ചായത്ത് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം പ്രകാരം 2024 മാർച്ച് 31നകം പാലം നിർമാണം പൂർത്തീകരിക്കുമെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.
പാലം നിർമാണം നീളുന്നതിനെതിരെ പ്രദേശത്തെ ഒരുവിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് ലീഗൽ സർവിസ് സൊസൈറ്റിയാണ് കേസ് നടത്തിയിരുന്നത്. അടുത്ത ജൂൺ 30ന് ഇടക്കാല നിർമാണ പുരോഗതിയറിക്കാനും കോടതി ആവശ്യപ്പെട്ടു. സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിനാണ് നിർമാണ ചുമതല.
കാളികാവ്-ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെന്തോടൻപടി-മുത്തൻതണ്ട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ജനുവരി നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു. ജില്ല പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ വകയിരുത്തിയ രണ്ടു കോടി രൂപ ചെലവഴിച്ച് വി.സി.ബി കം ബ്രിഡ്ജാണ് ഇവിടെ നിർമിക്കുന്നത്. 32 മീറ്റർ നീളത്തിൽ നാലുമീറ്റർ വീതിയാണ് പാലത്തിനുണ്ടാവുക. രണ്ടുപതിറ്റാണ്ടിന്റെ കാത്തിരുപ്പിനൊടുവിലാണ് പാലം യാഥാർഥ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.