കാളികാവ്: മലബാര്‍ മഹാസമരത്തിന് നൂറ് വയസ്സ് തികയുമ്പോള്‍ 1840 മുതല്‍ 1921 വരെയുള്ള പോരാട്ടജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നോവല്‍ കൂടി വായനക്ക്. പത്രപ്രവര്ത്തകൻ ഹംസ ആലുങ്ങലാണ് അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ മുന്നൂറില്‍പ്പരം പേജുകളുള്ള നോവല്‍ എഴുതിയത്. നാല് ഭാഗങ്ങളാണ് നോവലിനുള്ളത്. മലബാര്‍ കലാപകാലത്ത് ബ്രിട്ടീഷ് പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന സാര്‍ജൻറ് എ.എച്ച്. ആന്‍ഡ്രൂസിെൻറ ഭാര്യയുടേതടക്കമുള്ള നാല് ഡയറിക്കുറിപ്പുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. 1840കളില്‍ മലബാറില്‍ ജീവിച്ചിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും കുടുംബങ്ങളും ആ കാലഘട്ടത്തിലെ കര്‍ഷകരും നേതാക്കളും ജന്മികളും നോവലില്‍ പുനര്‍ജനിക്കുന്നു.
പതിനായിരക്കണക്കിന് മനുഷ്യരെ മരണത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മലബാര്‍ കലാപത്തിന് 2021 ആഗസ്റ്റിലാണ് നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നത്. 1840കളില്‍ തുടങ്ങി 1921ലെ വാഗണ്‍ കൂട്ടക്കുരുതിയിലവസാനിക്കുന്ന നോവലിന് 50 അധ്യായങ്ങളുണ്ട്. നോവലിെൻറ നാല് ഭാഗവും എഴുതിതീര്‍ത്തതായും വൈകാതെ തുടര്‍നോവലായി പ്രസിദ്ധീകരിച്ച ശേഷം പുസ്തകമാക്കുമെന്നും ഹംസ ആലുങ്ങല്‍ പറഞ്ഞു.
അഞ്ചച്ചവടി സ്വദേശിയായ ഹംസ ആലുങ്ങല്‍ നേരത്തേ അമ്പതുകളിലെ കിഴക്കന്‍ ഏറനാട്ടിലെ കമ്യൂണിസ്റ്റ് ജീവിതം പറഞ്ഞ ഇങ്ക്വിലാബ് എന്ന നോവല്‍ രചിച്ചിട്ടുണ്ട്. സഖാവ് കുഞ്ഞാലിയുടെ ജീവചരിത്രമുള്‍പ്പെടെ 15 ലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന് പത്രപ്രവര്‍ത്തനമേഖലയില്‍ സംസ്ഥാന-ദേശീയ മാധ്യമ പുരസ്കാരങ്ങളടക്കം 18ലേറെ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.