കാളികാവ്: വെള്ളപ്പട്ടാളം ചതിയിൽ വീഴ്ത്തി പിടികൂടിയ ചോക്കാട്ട് തന്നെ വാരിയൻ കുന്നത്തിന് സ്മാരകം ഒരുക്കാൻ ജനകീയ കമ്മിറ്റി തീരുമാനം. സ്മാരക നിർമാണത്തിന് ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ കർമസമിതി രൂപവത്കരണവും അവലോകന യോഗവും സംഘടിപ്പിച്ചു. 1921ൽ ബ്രിട്ടീഷ് പട്ടാളം പിടിച്ച് കൊണ്ട് പോയ മഞ്ഞപ്പെട്ടിയിലെ വെള്ളയൂർ മഠത്തിൽ ഗസ്സാലി ഹാജിയുടെ ചെറുമകൻ വി.എം. സിബിൻ ഗസാലി സ്ഥലമെടുപ്പിലേക്ക് 50,000 രൂപ സംഭാവന നൽകി.
വാരിയൻകുന്നത്ത് സ്മാരകം പണിയാൻ ജില്ല പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനായി പ്രാഥമികമായി അരക്കോടി രൂപ നീക്കി വെക്കുകയും ചെയ്തിട്ടുണ്ട്. 50 സെൻറ് സ്ഥലം ഉദരംപൊയിൽ സ്വദേശി മാട്ടറ നൗഫൽ സൗജന്യമായി നൽകാമെന്ന് ഏറ്റിട്ടുമുണ്ട്. എന്നാൽ കൂടുതൽ സ്ഥലം കണ്ടെത്തി അവിടെ ചരിത്ര ഗവേഷകർക്കും മറ്റും സൗകര്യപ്രദമായ സ്മാരകം നിർമിക്കാനാണ് പദ്ധതി.
പൊതുജന പങ്കാളിത്തത്തോടെ മൂന്ന് ഏക്കറിൽ കുറയാത്ത സ്ഥലം കണ്ടെത്തി അതിൽ സ്മാരകം പണിയാനാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്നത്. എ.പി. അനിൽകുമാർ എം.എൽ.എ ചെയർമാനായും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മാഈൽ മൂത്തേടം കൺവീനറായും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ഷൗക്കത്ത് ട്രഷററായും കമ്മിറ്റി നിലവിൽ വന്നു. എം.പിമാരായ രാഹുൽ ഗാന്ധി, പി.വി. അബ്ദുൽ വഹാബ് എന്നിവരും പി.വി. അൻവർ എം.എൽ.എ രക്ഷാധികാരികളുമാണ്.
ചോക്കാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗം എ.പി. അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മയിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജ, ചോക്കാട് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ഷൗക്കത്ത്, കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ഗോപി, കരുവാരകുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മഠത്തിൽ അബ്ദുൽ ലത്തീഫ്, എൻ.എ. കരീം, ഇ. പത്മാക്ഷൻ, പി. ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ചോക്കാട്, കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.