കാളികാവ്: കടിഞ്ചീരിയിൽ കടുവക്ക് വെച്ച കെണിയിൽ കുറുക്കന് പിന്നാലെ പട്ടിക്കൂട്ടവും കുടുങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിലെ കടിഞ്ചീരി മലയിലാണ് കടുവയെ പിടിക്കാൻ സ്ഥാപിച്ച കെണിയിൽ നാല് തെരുവ് പട്ടികൾ കുടുങ്ങിയത്. കടിഞ്ചീരി മലയിൽ കടുവഭീതി നിലനിൽക്കുന്നതിനാൽ സ്ഥാപിച്ച കെണിയിൽ തിങ്കളാഴ്ച രാത്രിയാണ് പട്ടികൾ കുടുങ്ങിയത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ഇവയെ കണ്ടത്.
കഴിഞ്ഞ ദിവസം ഇതേ കെണിയിൽ കുറുക്കൻ അകപ്പെട്ടിരുന്നു. എസ്റ്റേറ്റിലെ കടിഞ്ചീരി ഡിവിഷനിൽ അജ്ഞാതജീവിയെ കണ്ട് പേടിച്ചോടിയ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക് പറ്റിയിരുന്നു. സ്ളോട്ടർ ടാപ്പിങ് നടത്തുന്ന ഝാർഖണ്ഡ് സ്വദേശി ജയപ്രകാശിനാണ് പരിക്കേറ്റത്. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഇദ്ദേഹം ജോലിക്കിറങ്ങി.
കടിഞ്ചീരി മലയിൽ രണ്ടിടങ്ങളിലായി കുറച്ച് സ്ഥലം വനഭൂമി ഉണ്ട്. എന്നാൽ, മലയുടെ ചുറ്റുഭാഗവും ജനം തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളാണ്. കാട്ടാന, കടുവ, പുലി തുടങ്ങിയ മൃഗങ്ങൾക്ക് കടിഞ്ചീരി മലയിലേക്ക് എത്തിപ്പെടാൻ വഴികളില്ല. ഭീതി പടർത്തുന്ന മൃഗം ഏതെന്ന ആശങ്കയിലാണ് എസ്റ്റേറ്റ് തൊഴിലാളികൾ. കടിഞ്ചീരി മലയിൽ വന്യമൃഗസാധ്യത കുറവാണെന്നാണ് വനം വകുപ്പിന്റെ നിഗമനം. കാട്ടുപന്നികളേയോ കുരങ്ങുകളേയോ പിടിക്കാനെത്തിയ പട്ടിക്കൂട്ടമായിരിക്കും കെണിയിൽ കുടുങ്ങിയതെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.