കാളികാവ്: ജപ്തിയിൽ അന്യാധീനപ്പെട്ട കിടപ്പാടം ഹൈകോടതി ഇടപെട്ട് തിരികെ നൽകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് താളിക്കുഴിയിൽ കൊളത്തൂർ സുബ്രഹ്മണ്യനും ഭാര്യയും. നഷ്ടമായ വീടിന് മുന്നിൽ പ്ലാസ്റ്റിക് ഷെഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. മരപ്പണിക്കാരനായിരുന്ന സുബ്രഹ്മണ്യൻ ഒരു മരക്കച്ചവടക്കാരനിൽ നിന്നും 2007ൽ 24,000 രൂപയുടെ മരം കടമെടുത്തിരുന്നു. ഇത് തിരികെ നൽകാതിരുന്നതിനെ തുടർന്നുള്ള നിയമ നടപടികൾക്ക് ഒടുവിലാണ് ഏഴേമുക്കാൽ സെൻറ് സ്ഥലവും വീടും ജപ്തിയായത്.
മരം കടം നൽകിയയാൾ നിരവധി മുദ്രപത്രങ്ങളിൽ ഒപ്പിട്ടുവാങ്ങിയിരുന്നെന്നും ഇതുപയോഗിച്ചാണ് അനുകൂല വിധി സമ്പാദിച്ചതെന്നുമാണ് സുബ്രഹ്മണ്യന്റെ വാദം. കേസ് നടക്കുന്നതിനിടെ തന്റെ വക്കീൽ മരിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. വക്കീൽ ഇല്ലാത്തതിനാൽ തുടർ വാദങ്ങൾക്കൊടുവിൽ സുബ്രഹ്മണ്യന്റെ ഏഴേമുക്കാൽ സെൻറ് സ്ഥലവും വീടും ജപ്തി ചെയ്യാൻ കോടതി വിധിച്ചു. ജപ്തി നടപടികൾ നടക്കുന്നതിനിടെ സുബ്രഹ്മണ്യൻ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. വസ്തുവിന് 1.68 ലക്ഷം രൂപ മാത്രം നിശ്ചയിച്ചാണ് കോടതി ലേലത്തിന് വെച്ചത്. ഒടുവിൽ 70500 രൂപക്കാണ് ലേലത്തിൽ പോയത്. വാദത്തിനിടെ തന്നെ ഒരിക്കൽ പോലും വിസ്തരിച്ചിട്ടില്ലെന്നും ലേല വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും സുബ്രഹ്മണ്യൻ പറയുന്നു.
കീഴ് കോടതിയുടെ വിധിക്കെതിരെ സുബ്രഹ്മണ്യൻ മൂന്നുവർഷയായി ഹൈകോടതിയെ സമീപിച്ചു കാത്തിരിക്കുകയാണ്. കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന് പ്രതീക്ഷിച്ച പോലെ വക്കീൽ ഫീസ് കൊടുക്കുവാനും കഴിയുന്നില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തു നഷ്ടമാവുകയും കയറിക്കിടക്കാൻ മറ്റു മാർഗമില്ലാതെ കഴിയുന്ന ഇദ്ദേഹത്തിന് കോടതിയിലുള്ള പ്രതീക്ഷ മാത്രമാണുള്ളത്. സന്നദ്ധ സംഘടകളുടെ ഇടപെടലും കുടുംബം പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.