കാളികാവ്: കോവിഡ് കാലത്ത് ഓക്സിജൻ ആവശ്യമായി വരുന്നവർക്കു നേരെ കാരുണ്യക്കൈകൾ നീട്ടി പ്രവാസി വ്യവസായി. സൗജന്യ ഓക്സിജൻ സിലിണ്ടർ വാഗ്ദാനം ചെയ്ത് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈഡെൻറ് എന്ന വ്യവസായ ഗ്രൂപ് എം.ഡി അഞ്ചച്ചവിടി മൂച്ചിക്കലിലെ കെ.ടി. ഫിറോസ് ബാബുവാണ് സേവന രംഗത്ത് മാതൃകയായത്.
കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ സിലിണ്ടർ ലഭ്യമല്ലാത്തതിനാൽ ഒട്ടേറെ രോഗികൾ പ്രയാസപ്പെട്ടതാണ് ഇങ്ങനെ ഒരു പദ്ധതിക്ക് രൂപംനൽകാൻ ഹൈഡൻറ് ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്. കാളികാവ് അഞ്ചച്ചവിടിയിലെ ഇദ്ദേഹത്തിെൻറ ഓഫിസിലാണ് സിലിണ്ടർ സൗകര്യമൊരുക്കിയിട്ടുള്ളത്. കാളികാവ്, ചോക്കാട്, വണ്ടൂർ പഞ്ചായത്തുകളിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരും ഓക്സിജൻ ആവശ്യമുള്ളവരുമായ ആളുകൾക്കാണ് ഓക്സിജൻ സിലിണ്ടർ നൽകുന്നത്. ഇതിനായി ഇന്ത്യയിൽ പതിനായിരത്തോളം രൂപ വിലവരുന്ന നാൽപതോളം സിലിണ്ടറുകൾ യു.എ.ഇയിൽനിന്ന് ഇറക്കുമതി ചെയ്താണ് സജ്ജമാക്കിയത്.
ആവശ്യം കഴിഞ്ഞാൽ സിലിണ്ടർ തിരിച്ചേൽപിക്കണം എന്ന ഉപാധി മാത്രമാണ് പദ്ധതിക്കുള്ളത്. മൂന്നാം തരംഗം ഉണ്ടാവുകയും ഓക്സിജൻ ക്ഷാമം നേരിടുകയും ചെയ്യുമോ എന്ന ഭയത്തിൽനിന്നാണ് ഓക്സിജൻ സിലിണ്ടറുകൾ മുൻകൂട്ടി ശേഖരിച്ചുവെക്കാൻ ഇവരെ പ്രേരിപ്പിച്ചത്.
ഇന്ത്യ, ജിദ്ദ, റിയാദ്, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽ മെഡിക്കൽ, ഡെൻറൽ വ്യാപാര സ്ഥാപനങ്ങളുള്ള ഹൈഡൻറ് ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് കഴിഞ്ഞ രണ്ടു പ്രളയകാലത്തും കോവിഡ് വറുതിക്കാലത്തും ഒട്ടേറെ റിലീഫ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സിലിണ്ടർ ലഭിക്കാൻ ബന്ധപ്പെടേണ്ട നമ്പർ: 9846390830,7560991 288.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.