കാളികാവ്: സമാന്തര ലോട്ടറിയായി പ്രവർത്തിക്കുന്ന വ്യാജ എഴുത്ത് ലോട്ടറിയിലൂടെ ഗ്രാമങ്ങളിൽനിന്ന് വൻതോതിൽ പണം ചോർത്തുമ്പോഴും അവയുടെ വേരറുക്കാൻ നടപടിയില്ലെന്ന് ആക്ഷേപം .
പ്രതിദിനം 25 ലക്ഷത്തോളം രൂപയാണ് സമാന്തര ലോട്ടറി മാഫിയ വഴി മലയോരത്തെ ഗ്രാമപ്രദേശങ്ങളിൽനിന്ന് ചോർന്ന് പോവുന്നതെന്നാണ് കണക്ക്. സാധാരണക്കാരാണ് എഴുത്ത് ലോട്ടറി ചൂഷണത്തിൽ കൂടുതൽ ഇരകളാകുന്നത്. കൂലിപ്പണിയെടുക്കുന്ന യുവാക്കളടക്കം അന്തർ സംസ്ഥാന തൊഴിലാളികൾ ഇത്തരം ലോട്ടറികളുടെ സ്ഥിരം ഉപഭോക്താക്കളാണ്.
പ്രതിദിനം 500 രൂപക്ക് വരെ എഴുത്ത് ലോട്ടറിയിൽ പങ്കെടുക്കുന്നവരുണ്ട്. സംസ്ഥാന ലോട്ടറിയുടേതടക്കം നറുക്കെടുപ്പിലെ ഒന്നാംസമ്മാനം ലഭിച്ച നമ്പറിലെ അവസാന മൂന്ന് അക്കങ്ങൾ എഴുതിയവർക്കാണ് പണം ലഭിക്കുക.
നമ്പർ ശരിയായി വന്നാലുടൻ പണം ലഭിക്കുമെന്നതിനാൽ നിരവധി പേരാണ് പരീക്ഷണത്തിന് മുതിരുന്നത്. എളുപ്പമാർഗത്തിൽ പണം നേടാൻ കഴിയുമെന്ന വിശ്വാസത്തിൽ തകരുന്നത് നിരവധി പേരുടെ ജീവിതമാണ്. എഴുത്തുലോട്ടറി മൂലം ലക്ഷങ്ങൾ കടബാധ്യത വന്നവർ ഏറെയാണ്. നമ്പർ ലോട്ടറി എഴുതേണ്ടവർ പ്രദേശിക ഏജന്റിനെ സമീപിക്കുകയോ സ്ഥിരം എഴുതുന്നവർ ഫോണിലൂടെ പറഞ്ഞ് കൊടുക്കുകയോ ചെയ്യും.
ഇത് ഏജന്റ് അവരുടെ മുകളിലേക്ക് കൈമാറും. നറുക്കെടുപ്പിന് ശേഷം വിജയികൾക്കുള്ള സംഖ്യ ഏജന്റ് വഴി ലഭിക്കും. ചില ഏജന്റുമാർ എഴുതിയ സംഖ്യയും നമ്പറും മുകളിലേക്ക് നൽകില്ലത്രേ. വരാത്ത നമ്പറിന്റെ സംഖ്യ ഏജന്റിന് സ്വന്തമാക്കാമെന്നതിനാലാണ് ഇപ്രകാരം ചെയ്യുന്നത്. നികുതിയോ മറ്റ് ചെലവുകളോ ഇല്ലാത്തതിനാലും വൻലാഭം കൊതിച്ചും പല പ്രദേശങ്ങളിലും നിരവധി പുതിയ ഏജന്റുമാരാണ് വരുന്നത്. നിലവിൽ ചൂതാട്ടനിയമം അനുസരിച്ചാണ് കേസെടുക്കുന്നത്. ശിക്ഷ കുറവായതിനാൽ വീണ്ടും തട്ടിപ്പ് സംഭവങ്ങൾ ഏറെയാണ്. വ്യാജ ലോട്ടറിക്കെതിരെ പൊലീസ് നടപടി ശക്തമല്ലെന്ന ആരോപണവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.