കാളികാവ്: കർഷകന് പണി മിച്ചം, വിളവ് മോഷ്ടാവിനും. കാളികാവ് കണാരംപടിയിലെ ചാത്തൻമാർതൊടിക ബാലചന്ദ്രന്റെ അവസ്ഥയാണിത്. അധ്വാനിച്ചതിന്റെ പ്രതിഫലം എടുക്കാൻ കർഷകൻ എത്തുംമുമ്പേ എല്ലാം കള്ളൻ അടിച്ചുമാറ്റും. ഗതികെട്ട കർഷകൻ കാളികാവ് പൊലീസിൽ പരാതി നൽകി. ഒരു വാഴക്കുല പോലും ബാലചന്ദ്രന് കൃഷിയിടത്തിൽനിന്ന് കിട്ടിയിട്ടില്ല. മൂപ്പെത്തുന്ന കുലകൾ ഓരോന്നായി മോഷണം പോവുകയാണ് പതിവ്. അടക്ക, തേങ്ങ തുടങ്ങിയ വിളകളും നഷ്ടപ്പെടുന്നുണ്ട്.
കമുകിൽ കയറി കുല ഉൾപ്പെടെ പറിച്ചെടുക്കുകയാണെന്ന് പരാതിയിൽ പറയുന്നു. കണാരംപടിക്കും അടക്കാക്കുണ്ടിനും ഇടയിലാണ് കൃഷിയിടം. ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത ഒഴിഞ്ഞ സ്ഥലത്താണിത്. കുല വെട്ടിയെടുത്ത ശേഷം മോഷണം ശ്രദ്ധയിൽപ്പെടാതിരിക്കാനായി വാഴ തന്നെ മുറിച്ചു മാറ്റുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം അടക്ക മോഷ്ടിക്കാനെത്തിയ ആളെ തോട്ടം പാട്ടത്തിന് എടുത്തയാൾ കൈയോടെ പിടികൂടിയിരുന്നു. രാത്രിയിലടക്കം കാർഷിക വിളകൾ മോഷണം പോകുന്നുണ്ടെന്നാണ് ബാലചന്ദ്രൻ പറയുന്നത്.
സമീപത്തെ കൃഷിയിടങ്ങളിലും മോഷ്ടാക്കളുടെ ശല്യം ഉണ്ടെങ്കിലും ആരും പരാതിപ്പെടാറില്ല. അവസരം മുതലെടുത്ത് മോഷണം പതിവാക്കിയതോടെയാണ് ബാലചന്ദ്രൻ പരാതിയുമായി രംഗത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.