കാളികാവ്: കാഴ്ചയില്ലാത്തവർക്കായി പ്രവർത്തിക്കുന്ന കീഴുപറമ്പ് അഗതി മന്ദിരത്തിലെ അന്തേവാസിയായിരുന്ന മൊയ്തീൻകുട്ടിക്ക് (65) ഇനി 'ഹിമ'യുടെ തണൽ. കണ്ണിൽ ഇരുൾ വീണ് പരസഹായത്തിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ സാമൂഹികനീതി വകുപ്പ് ഇടപെട്ടാണ് അഗതിമന്ദിരത്തിലെത്തിച്ചത്. മികച്ച ചികിത്സ ലഭിച്ചാൽ കാഴ്ച തിരിച്ചുകിട്ടുമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചതിനെ തുടർന്ന് ആദ്യം അരീക്കോട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇരു കണ്ണുകളിലെയും ശസ്ത്രക്രിയ വിജയിച്ചതോടെ കണ്ണിൽ വെളിച്ചം വീണു. എന്നാൽ, കാഴ്ച തിരിച്ചുകിട്ടിയതോടെ ജീവിതവഴിയിൽ ഇരുൾ വീണു. അദ്ദേഹത്തിന് അഭയം നൽകിയ സ്ഥാപനത്തിൽ അന്ധർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഈ പ്രതിസന്ധി ഘട്ടത്തിലാണ് സാമൂഹികനീതി ജില്ല ഓഫിസർ കൃഷ്ണമൂർത്തി ഹിമ കെയർ ഹോമിലേക്ക് ശിപാർശക്കത്ത് നൽകിയത്. കത്ത് കിട്ടിയ ഉടൻ ഹിമ അധികൃതർ പ്രവേശനം നൽകുകയായിരുന്നു.
കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിയായ മൊയ്തീൻകുട്ടി 12ാം വയസ്സിൽ നാടുവിട്ടതാണ്. പുത്തനത്താണിയിൽ ദീർഘകാലം കഴിച്ചുകൂട്ടിയ അദ്ദേഹം അവിടെനിന്ന് വിവാഹം കഴിച്ചു. നാലു കുട്ടികളുമായി. കാഴ്ച മങ്ങിയതോടെ ജോലിക്ക് പോവാൻ കഴിയാതായി. ഭാര്യ ജോലി ചെയ്ത് കിട്ടുന്ന വേതനം കൊണ്ട് കുടുംബം മുന്നോട്ടു പോവുന്നതിനിടെ, ഒരു ദിവസം ജോലിക്കു പോയ ഭാര്യ തിരികെ വന്നില്ല. അഞ്ചു വയസ്സുള്ള കുട്ടിയടക്കം ഇതോടെ അനാഥരായി. അവരെ സാമൂഹികനീതി വകുപ്പ് രണ്ടത്താണിയിലെ ശാന്തി ഭവനിലാക്കി. മൊയ്തീൻകുട്ടിയെ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് നടത്തുന്ന ഹോം ഫോർ ഡെസ്റ്റിറ്റ്യൂട്ട് ബ്ലൈൻഡ് എന്ന സ്ഥാപനത്തിലുമെത്തിച്ചു. അവിടെ വെച്ചാണ് ചികിത്സ ലഭിച്ചതും ജീവിതത്തിൽ വഴിത്തിരിവുണ്ടായതും.
കീഴുപറമ്പ് അഗതിമന്ദിരം അഡ്മിനിസ്ട്രേറ്റർ അബ്ദുൽ ഹമീദ് മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവരാണ് ഹിമയിലെത്തിച്ചത്. ഹിമ ജന. സെക്രട്ടറി ഫരീദ് റഹ്മാനി കാളികാവ്, വൈസ് ചെയർമാൻ സലാം ഫൈസി ഇരിങ്ങാട്ടിരി, അഡ്മിനിസ്ട്രേറ്റർ എം.കെ. ജുനൈദ്, സ്റ്റാഫ് നഴ്സ് ധന്യ സുദർശൻ, സൂപ്പർവൈസർ ജമീല എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.