കാളികാവ്: വേനൽ കടുക്കുംമുമ്പ് കാട്ടാറുകൾ വറ്റിവരണ്ടു. മലയോരത്തെ പുഴകൾ നീർച്ചാലുകളായി. മലവാരങ്ങളിലെ ചോലകളും വറ്റി. ഇതോടെ കിണറുകളിലെ ജലനിരപ്പ് താഴുകയാണ്. ജല സ്രോതസ്സുകളിൽ ജലനിരപ്പ് താഴ്ന്നു. ഈ സ്ഥിതി തുടർന്നാൽ കാലവർഷം വരെ പിടിച്ചുനിൽക്കാനാവില്ല. പുഴകളിൽ ചെറുകുഴികളിൽ മാത്രമാണ് വെള്ളം. കുടിവെള്ളത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാർ ഫണ്ട് വിഹിതത്തിൽ നടപ്പാക്കുന്ന ജൽജീവൻ പദ്ധതിയിൽ ഈ വേനലിൽ കുടിവെള്ള വിതരണത്തിന് സാധ്യതയില്ല. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഉഷ്ണം കൂടിയതും ജലനിരപ്പ് താഴാൽ കാരണമായി.
കടുത്ത വരൾച്ച നേരിട്ട മുമ്പ് പഞ്ചായത്തും സന്നദ്ധ സംഘടനകളും ലോറികളിൽ വെള്ളമെത്തിച്ചാണ് കുടിവെള്ളമൊരുക്കിയത്. കുംഭ മാസത്തിൽ വേനൽ മഴയില്ലെങ്കിൽ പ്രശ്നം രൂക്ഷമാക്കും. ഏതുകാലത്തും ജല സമൃദ്ധമായിരുന്ന പ്രദേശങ്ങൾ ഇപ്പോൾ തന്നെ വെള്ളം ചെറിയകുണ്ടുകളിൽ ഒതുങ്ങിയ നിലയിലാണ്.
ചോക്കാട്, കാളികാവ് പഞ്ചായത്തുകൾക്ക് ഏക ആശ്രയം മധുമല കുടിവെള്ള പദ്ധതിയാണ്. ഇതാകട്ടെ ഇപ്പോഴും ഗുണഭോക്താക്കൾക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാൻ കഴിയുന്നുമില്ല. കോടികൾ തുലച്ച് സ്ഥാപിച്ച ചോക്കാട് ജലനിധി പദ്ധതി ഇപ്പോഴും അനിശ്ചിതത്ത്വിലാണ്. ചാലിയാറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാനിരിക്കുന്ന ജൽജീവൻ പദ്ധതിയുടെ പ്രവൃത്തികൾ മിക്കയിടത്തും പ്രാഥമിക ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.