കാളികാവ്: ചോക്കാട്ടെ ജനങ്ങൾ നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ എട്ട് കോടിയോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച ജലനിധി പദ്ധതി നാശത്തിന്റെ വക്കിലെന്ന് ആക്ഷേപം. പദ്ധതിക്കായി സ്ഥാപിച്ച ടാപ്പുകളും പൈപ്പുകളും പലയിടത്തും ഉപയോഗശൂന്യമായി.
ഈ സാഹചര്യത്തിൽ കുടിവെള്ള കണക്ഷനുവേണ്ടി നൽകിയ ഗുണഭോക്തൃവിഹിതം പഞ്ചായത്ത് തിരിച്ച് തരണമെന്ന് വീട്ടമ്മമാർ ആവശ്യപ്പെട്ടു. 2013-14 സാമ്പത്തിക വർഷത്തിലാണ് ചോക്കാട് ഗ്രാമ പഞ്ചായത്തിൽ ജലനിധി പദ്ധതിക്ക് തുടക്കം കുറിച്ചത്.
ജലനിധി പദ്ധതിയുടെ കൺസൽട്ടന്റായ ഐ.ഡി.സി താമരശ്ശേരി അധികൃതർ കേരള വാട്ടർ അതോറിറ്റിയുമായി കരാറുണ്ടാക്കിയാണ് പദ്ധതിക്ക് രൂപം നൽകിയത്.
ഇതിന്റെ ഭാഗമായി 3000 ത്തിലധികം രൂപ ഗുണഭോക്തൃ വിഹിതമായി രണ്ടായിരത്തോളം പേരിൽനിന്ന് പിരിച്ചെടുത്തു. വാർഡ് തലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും പ്രത്യേക കമ്മിറ്റികൾ രൂപവത്കരിക്കുകയും ചെയ്തു. എന്നാൽ വർഷം ഏഴ് കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് ഇതുവരെ ഒരു ദിവസം പോലും വെള്ളം കൊടുക്കാൻ ഗ്രാമ പഞ്ചായത്തിന് സാധിച്ചിട്ടില്ല. രണ്ടുവട്ടം ട്രയൽ നടത്തിയെങ്കിലും പൈപ്പുകൾ പലസ്ഥലങ്ങളിൽ പൊട്ടി തകർന്നിരുന്നു. വാട്ടർ അതോറിറ്റിയുടെ മധുമല പദ്ധതിയിൽനിന്ന് വെള്ളമെത്തിക്കാനാണ് പഞ്ചായത്ത് അധികൃതർ കരാറുണ്ടാക്കിയിരുന്നത്.
വർഷങ്ങൾ പലത് പിന്നിട്ടിട്ടും വെള്ളം ലഭിക്കാത്ത ഗുണഭോക്താക്കൾ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് ജലഅതോറിറ്റി പ്രോജക്ട് ഡയറക്ടർ ഗുണഭോക്താക്കളുടെയും പഞ്ചായത്തിന്റെയും ജലനിധി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തിരുന്നു. ഇതേതുടർന്ന് ഏഴ് ഇന നിർദേശങ്ങളിൽ തീരുമാനം അറിയിച്ച് പഞ്ചായത്ത് ബോർഡിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടിവെള്ള വിതരണം ചെയ്യാൻ നിലവിലെ പഞ്ചായത്ത് ഭരണസമിതിക്കായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.