കളികാവ്: പുഴക്കുകുറുകെയുള്ള കോൺക്രീറ്റ് പാലത്തിൽ കയറാൻ കമുക് പാലം ശരണം. കാളികാവ്-തുവ്വൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കാനായി അരിമണൽ പുഴക്ക് കുറുകെ പാറക്കടവിൽ നിർമിച്ച പാലത്തിനാണ് ഈ ഗതി. 2019ലെ പ്രളയത്തിൽ പാലത്തിന്റെ തുവ്വൂർ ഭാഗത്തുള്ള അപ്രോച്ച് റോഡ് പാടെ ഒലിച്ചുപോയിരുന്നു. ഇതോടെ പാലത്തിൽ കയറാൻ മാർഗമില്ലാതായി.
2009ൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ നടപ്പാലം നിർമിച്ചത്. തുവ്വൂർ-കാളികാവ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാറക്കടവിൽനിന്ന് ഈനാദിയിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ളതാണ് ഈ നടപ്പാലം. കാളിക്കാവ്, പുല്ലങ്കോട് ഹയർസെക്കൻഡറി സ്കൂളുകളിലേക്കുള്ള വിദ്യാർഥികളും കാളിക്കാവ് ടൗണിലേക്കുള്ള ജനങ്ങളും ഈ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
പാറക്കടവിൽനിന്ന് കരുവാരകുണ്ട് പതിനൊന്നിലൂടെ അരിമണൽ ഈനാദി വഴി ചുറ്റി കാളികാവിലെത്താൻ അഞ്ചുകിലോമീറ്ററോളം സഞ്ചരിക്കണം. പാലം കടന്നാണെങ്കിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഈനാദിയിലെ സംസ്ഥാനപാതയിലെത്താനാവും.
2019 പ്രളയത്തിനുശേഷം എല്ലാ വർഷവും പാലത്തിൽ കയറാൻ നാട്ടുകാർ ചേർന്ന് താൽക്കാലിക പാലം നിർമിക്കുകയാണ് ചെയ്യുന്നത്. പുഴയുടെ വശങ്ങളിൽ സംരക്ഷണഭിത്തിയും പാലത്തിൽ കയറാനുള്ള സൗകര്യവും അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.