കാളികാവ്: പൊളിച്ചുമാറ്റാൻ തീരുമാനിച്ച കെട്ടിടം വൻതുക ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നത് വിവാദമാകുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കാളികാവിലെ വിശ്രമ മന്ദിരമാണ് (ടി.ബി) നവീകരിക്കുന്നത്. 16 ലക്ഷം രൂപ ചെലവിട്ടാണ് അറ്റകുറ്റപ്പണി.
വിശ്രമ മന്ദിരം പുതുക്കിപ്പണിയാൻ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി വിവാദമാകുന്നത്. ബ്രിട്ടീഷ് കാലത്ത് നിർമിച്ച കെട്ടിടത്തിെൻറ മേൽക്കൂരയിലുള്ള മരം മാറ്റി ഇരുമ്പ് ഉപയോഗിച്ച് പുതുക്കിപ്പണിയലാണ് പ്രധാന പ്രവൃത്തി.
ചുറ്റുമതിൽ നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തിയും കൂടെ നടത്തുന്നുണ്ട്. മേൽക്കൂരയിൽനിന്ന് പൊളിച്ചുമാറ്റിയ മരം ഉപയോഗിച്ച് തന്നെ പുനർനിർമാണം നടത്താൻ ശ്രമം നടന്നിരുന്നു. എസ്റ്റിമേറ്റിൽ ഇരുമ്പ് ഉപയോഗിക്കാൻ നിർദേശിച്ചത് നാട്ടുകാർ ചൂണ്ടിക്കാണിച്ചു. പൊളിച്ചു മാറ്റാനുള്ള കെട്ടിടമായതിനാലാണ് പഴയ മരം തന്നെ ഉപയോഗിക്കുന്നതെന്നായിരുന്നു അധികൃതരുടെ മറുപടി.
അറ്റകുറ്റപ്പണിക്ക് അനുവദിച്ച 16 ലക്ഷം രൂപയിൽ ബാക്കി സർക്കാറിലേക്ക് തിരിച്ചടക്കുമെന്നും ഇവർ അറിയിച്ചു. എസ്റ്റിമേറ്റിലെ ഉള്ളടക്കം നാട്ടുകാർ മനസ്സിലാക്കിയ വിവരം ബോധ്യപ്പെട്ട അധികൃതർ വ്യാഴാഴ്ച വിശ്രമ മന്ദിരം സന്ദർശിക്കുകയും പഴയ മരം കൊണ്ട് മേൽക്കൂര നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്തു.
എസ്റ്റിമേറ്റിൽ പറയുന്നത് പോലെ പ്രവൃത്തി നടത്താൻ കരാറുകാരന് നിർദേശവും നൽകി. രണ്ട് മുറിയുള്ള വിശ്രമ മന്ദിരത്തിെൻറ അറ്റകുറ്റപ്പണിക്കും ചുറ്റുമതിൽ നിർമാണത്തിനും 16 ലക്ഷം മതിയാകില്ലെന്നാണ് അധികൃതരുടെ വാദം. എന്നാൽ, കരാറുകാരും ഉദ്യോഗസ്ഥരും പണമൂറ്റാൻ ശ്രമിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇടക്കിടെയുള്ള അറ്റകുറ്റപ്പണി ഇതിനാണെന്നും ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.