കാളികാവ്: വനംവകുപ്പിെൻറ തടസ്സവാദം കാരണം വീടെന്ന സ്വപ്നം പാതിവഴിയിൽ നിലച്ച ചോക്കാട് ചിക്കല്ലിലെ ആദിവാസികൾ കാത്തിരിക്കുന്നത് പുതിയ വനം മന്ത്രി കെ.കെ. ശശീന്ദ്രെൻറ ഇടപെടലിന്. വനംവകുപ്പിെൻറ ക്രൂരതയിൽ തലചായ്ക്കാനിടമില്ലാതെ വന്യമൃഗങ്ങളുടെ നടുവിൽ കഴിയുന്ന ചോക്കാട് ചിങ്കക്കല്ല് കോളനിയിയിലെ ആദിവാസികളാണ് അധികൃതരുടെ ദയ കാത്തുകഴിയുന്നത്. നാലുവർഷം മുമ്പ് ഇവർക്ക് ഐ.ടി.ഡി.പി വഴി വീട് അനുവദിച്ചുകിട്ടിയിരുന്നു. തുടർന്ന് ലൈഫ് പദ്ധതിയിൽ 2018ൽ വീടിന് ആദ്യഗഡു ലഭിച്ച തുക കൊണ്ട് വീടിനുള്ള തറ നിർമിച്ചു. എന്നാൽ, നിർമാണം പൂർത്തിയായ തറയിൽ വീടുവെക്കുന്നത് വനംവകുപ്പ് തടഞ്ഞു. വീട് വെക്കുന്നത് വനംവകുപ്പിെൻറ സ്ഥലത്താണ് എന്നുപറഞ്ഞാണ് നിർമാണം നിർത്താൻ ആവശ്യപ്പെട്ടത്.
വനംവകുപ്പിെൻറ ഈ നടപടിക്കെതിരെ മുഖ്യമന്ത്രി, ജില്ല കലക്ടർ, ഡി.എഫ്.ഒ തുടങ്ങിയവർക്കോക്കെ പലവട്ടം പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. മൂന്നു മാസം മുമ്പ് മൂന്ന് മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ ആദിവാസികളായ ഗീത, സരോജിനി, കുറുമ്പി തുടങ്ങിയവർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഏത് സമയത്തും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ള കോളനിയിൽ കാടിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി അതിലാണ് കുഞ്ഞുകുട്ടികളടക്കം ആദിവാസികൾ കഴിയുന്നത്. മൂന്ന് വർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ തറ കാടുമൂടി കിടക്കുകയാണ്. വനംവകുപ്പിെൻറ പിടിവാശി മൂലം ഇവർക്ക് വീടുവെക്കാൻ അനുവദിച്ച ഫണ്ടും നഷ്ടപ്പെട്ടു. തറ പണിയുമ്പോഴോ വീടിനുള്ള ഫണ്ട് അനുവദിച്ച് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചപ്പോഴോ ഒന്നും മിണ്ടാതിരുന്ന വനംവകുപ്പ് പിന്നീട് വീട് പണി തടഞ്ഞത് ക്രൂരതയാണെന്നാണ് ആദിവാസികൾ പറയുന്നത്. നിലവിൽ വനംവകുപ്പ് കൈകാര്യം ചെയ്യുന്ന എൻ.സി.പി ഭാരവാഹികൾ അടുത്തദിവസം തിരുവനന്തപുരത്തെത്തി മന്ത്രി ശശീന്ദ്രനെ കണ്ട് പ്രശ്നം അവതരിപ്പിക്കുന്നതിന് ശ്രമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.