കാളികാവ്: പതിറ്റാണ്ടിന്റെ കാത്തിരുപ്പിനറുതിയായി മുത്തംതണ്ട് വി.സി.ബി കം ബ്രിഡ്ജിന്റെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡിന്റെ നിർമാണത്തിന് ഫണ്ട് അനുവദിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. അപ്രോച്ച് റോഡ് ഉടൻ പൂർത്തിയാക്കി ഗതാഗതം തുടങ്ങും.
കാളികാവ്-ചോക്കാട് പഞ്ചായത്തുകളെ വേർതിരിച്ചൊഴുകുന്ന പരിയങ്ങാട് പുഴയിൽ വെന്തോടൻപടി മുത്തംതണ്ടിലാണ് വി.സി.ബി കം ബ്രിഡ്ജ് നിർമിച്ചത്. ജില്ല പഞ്ചായത്തിന്റെ 2.95 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. അപ്രോച്ച് റോഡിന്റെ പണി മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനായി ജില്ല പഞ്ചായത്ത് തന്നെ 90 ലക്ഷം രൂപയുടെ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടി പൂർത്തിയായാൽ ഉടൻ റോഡിന്റെ പ്രവൃത്തി തുടങ്ങും.
ആറുമാസത്തിനുള്ളിൽ പാലത്തിലൂടെയുള്ള ഗതാഗതം സാധ്യമാകും. നിർമാണം പൂർത്തിയായാൽ മാളിയേക്കൽ ഭാഗത്തുള്ളവർക്ക് കാളികാവ്-വണ്ടൂർ ഭാഗത്തേക്ക് ദൂരം വളരെ ചുരുങ്ങുകയും വി.സി.ബിയിൽ വെള്ളം ശേഖരിക്കുന്നതിലൂടെ വരൾച്ചക്ക് പരിഹാരമാവുകയും ചെയ്യും.
നൂറുകണക്കിന് വിദ്യാർഥികൾക്കും അനുഗ്രഹമാകും. കഴിഞ്ഞ പത്തുവർഷമായി പാലത്തിനുവേണ്ടി നാട്ടുകാർ നിരന്തര പരിശ്രമത്തിലായിരുന്നു. നേരത്തേ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് നടപ്പാലമുണ്ടായിരുന്നു. 2019ലെ പ്രളയത്തിൽ അത് ഒലിച്ചുപോയി. അതോടെ കാൽനടയും പാടെ മുടങ്ങി. പിന്നീട് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടൽ ലക്ഷ്യംകണ്ടു. തുടർന്ന് സ്ഥലം പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് സാങ്കേതികത്വം പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു. എന്നാൽ, മലപ്പുറം ജില്ല പഞ്ചായത്ത് വിഷയത്തിൽ ഇടപെട്ടാണ് പിന്നീട് പദ്ധതി യാഥാർഥ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.