കാളികാവ്: കാൽപന്ത് കളിയെ നെഞ്ചുചേർത്ത് നിർത്തുന്ന പുറ്റമണ്ണക്കാർക്ക് ഇനി സ്വന്തമായി കളിക്കളം. ഫുട്ബാൾ കളിക്കാൻ നാട്ടിൽ അവശേഷിച്ച 30 സെൻറ് സ്ഥലവും ഉടമക്ക് വിട്ടുകൊടുക്കേണ്ടിവന്നപ്പോൾ ഇനിയെന്തെന്ന വേദനയിലായിരുന്നു കാളികാവ് പുറ്റമണ്ണയിലെ യുവാക്കളും കുട്ടികളും. എന്നാൽ, നാടൊന്നിച്ചുനിന്നപ്പോൾ അസാധ്യമായത് സംഭവിച്ചു.
പുറ്റമണ്ണയിലെ പി.എഫ്.സി ക്ലബ് ഇന്ന് 70 സെൻറ് കളിക്കളത്തിന്റെ ഉടമകളാണ്. ഗ്രാമത്തിലെ ഏക പാടശേഖരമാണ് ഉടമ ക്ലബിന് വിലക്കുനൽകിയത്. ഒരുവർഷത്തെ പ്രയത്നത്തിനൊടവിലാണ് കളിസ്ഥലം യാഥാർഥ്യമാവുന്നത്. ഏറെ ആശങ്കയോടെയാണ് കളിസ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ തുടങ്ങിയത്.
വില പറഞ്ഞുറപ്പിച്ച് പാര്‍ട്ടിക്ക് കൈയിലുള്ള 1001 അഡ്വാന്‍സും കൊടുത്ത് അത്ര ഉറപ്പില്ലാത്ത ഒരു വര്‍ഷം കാലാവധിയും വാങ്ങി. വ്യക്തമായ ഒരു പ്ലാനോ പദ്ധതിയോ ഇല്ല. വളരെ ചെറിയ നാടാണ്, ലക്ഷങ്ങള്‍ ഒരുപാട് കണ്ടെത്തണം, കൈയയച്ച് സഹായിക്കുന്ന പ്രവാസികളും ദുരിതത്തിലാണ്. നിശ്ചയദാര്‍ഢ്യം തോല്ക്കാന് തയാറായിരുന്നില്ല.
മുപ്പതിലധികം മാസ്കിട്ട രഹസ്യ യോഗങ്ങൾ ചേർന്നു. കുട്ടികള്‍ തൊണ്ടുകള്‍ പൊട്ടിച്ച് പണം നല്കി. യുവാക്കള്‍ ആക്രി പെറുക്കി. വീട്ടമ്മമാർ പലവിധത്തിൽ സഹായിച്ചു, പ്രവാസികളും സഹായിച്ചു. പ്രവാസി ബിസിനസുകാരൻ ഡോ. പി.കെ. മുസ്തഫ ഹാജി രണ്ടുലക്ഷം രൂപ നൽകി. പിന്നാലെ ഒരുലക്ഷം രൂപയുമായി ഷറഫുദ്ദീൻ ചോലാസുമെത്തി. ക്ലബ് അംഗങ്ങൾ 10,000 രൂപ വീതമെടുക്കാനും തീരുമാനമായി.
പണം കണ്ടെത്താൻ അംഗങ്ങളിൽ ചിലർ കൂലിപ്പണിക്കിറങ്ങി. മറ്റു ചിലർ ആക്രി പെറുക്കാനും. 17.5 ലക്ഷം രൂപയാണ് സ്ഥലത്തിനുനൽകേണ്ടിവന്നത്. കലാ-കായിക രംഗങ്ങളിലെ നേട്ടങ്ങൾക്ക് പുറമെ നാടിന്റെ സാമൂഹിക-സാംസ്കാരിക സേവന രംഗത്ത് പതിറ്റാണ്ടുകളായി ശക്തമായ ഇടപെടലുകൾ നടത്തിവരുന്ന ക്ലബിന്റെ നേതൃത്വത്തിലാണ് പുതിയ സ്പോട്സ് ആൻഡ് കൾചറൽ സിറ്റി യാഥാർഥ്യമാവുന്നത്.
ഡോ. പി.കെ. മുസ്തഫ ഹാജി, ചോലശ്ശേരി ശറഫുദ്ദീൻ, കരിപ്പായി കുട്ടിമാൻ, എറമ്പത്ത് കരീം തുടങ്ങിയവർ പദ്ധതിയുടെ ഉപദേശക സമിതി അംഗങ്ങളായിരുന്നു. പി.എഫ്.സി ക്ലബ് സെക്രട്ടറി പി. സൽമാൻ, പ്രസിഡന്റ് ടി.സി. നൗഫൽ, എക്സിക്യൂട്ടിവ് കമ്മിറ്റി കൺവീനർ പി. ഫിറോസ്, ട്രഷറർ കെ.ടി. മനാഫ്, അംഗങ്ങളായ ആഷിഖ് മാട്ടറ, നൗഫൽ പട്ടാണി, വി.പി. ഫസിൽ, ടി.സി. അൻഫാസ്, അമാനു, കെ.ടി. ഹൈദരലി, സിനു എ.പി, ഫൈസൽ പുല്ലാണി, റമീസ് പഴേടത്ത്, കെ.ടി. ആസാദ് തുടങ്ങിയവർ പദ്ധതിയുടെ ഭാരവാഹികളായിരുന്നു.
തുടർഘട്ടങ്ങളിൽ പൊതുവായനശാല, അംഗൻവാടി, ഓപൺ സ്റ്റേജ്, ഫിറ്റ്നസ് സെന്റർ, വയോജന സൗഹൃദ കേന്ദ്രം തുടങ്ങിയവയുടെ നിർമാണവും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.