കാളികാവ്/എടക്കര: സാംക്രമികരോഗങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാൻ സമയബന്ധിത പരിപാടികളുമായി കാളികാവ് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും രംഗത്ത്. കുടുംബശ്രീ പ്രസ്ഥാനത്തെ സാമൂഹികാരോഗ്യരംഗത്ത് സജീവമാക്കാനുള്ള പ്രവർത്തക പരിശീലനം കഴിഞ്ഞ ദിവസം കാളികാവ് സി.എച്ച്.സിയിൽ നടന്നു. മേയ് 14, 15 ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും ശുചീകരിക്കുന്ന പ്രവർത്തനവും 20ന് ഗാർഹിക ശുചീകരണവും പഞ്ചായത്തിൽ നടക്കും. 16ന് ഡെങ്കിപ്പനി ദിനാചരണം വിപുലമായി നടത്തും.
വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി മുഴുവൻ വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കണമെന്നും കുടിവെള്ള സ്രോതസ്സുകൾ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്യണമെന്നും ബന്ധപ്പട്ടവർക്ക് ഗ്രാമപഞ്ചായത്ത് ഭരണ സമിതി നിർദേശം നൽകി. വിവിധ വിഭാഗം വ്യാപാരികളുടെ പ്രത്യേക യോഗങ്ങൾക്കും പരിശീലനങ്ങൾക്കും തുടക്കമായി. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മത്സ്യ-മാംസ വ്യാപാരികളുടെ യോഗം വ്യാപാര ഭവനിൽ ചേർന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ നടത്തിയ ആരോഗ്യ സെമിനാറിൽ മത്സ്യ, മാംസ വ്യാപാരസ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം സംബന്ധിച്ച നിർദേശങ്ങൾ വ്യാപാരികൾക്കു നൽകി.
ഗൃഹശുചിത്വം, സ്ഥാപന ശുചിത്വം എന്നിവ പരിശോധിക്കാൻ പഞ്ചായത്ത് തല വിജിലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ഉണ്ടായിരിക്കുന്നതാണെന്നും വൃത്തിഹീനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ ആളുകളുടെയും പിന്തുണയും സഹകരണവുംവേണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ഷിജിമോൾ, മെഡിക്കൽ ഓഫിസർ ഡോ.മുഹമ്മദ് നജീബ് എന്നിവർ അഭ്യർഥിച്ചു. ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ കർമ പദ്ധതി തയാറാക്കാൻ യോഗം ചേർന്നു. യോഗം പ്രസിഡന്റ് ടി.പി. റീന ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹാൻസി അധ്യക്ഷത വഹിച്ചു.
മഴക്കാല പൂർവ ശുചീകരണത്തിന് മേയ് 30 വരെയുള്ള പ്രവർത്തനങ്ങൾ അടങ്ങിയ ആക്ഷൻ പ്ലാൻ തയാറാക്കി. 15 മുതൽ 17 വരെ വാർഡ് തല യോഗങ്ങൾ ചേരും. 18ന് ചുങ്കത്തറ ടൗൺ ശുചീകരിക്കും. 20ന് മുഴുവൻ അംഗൻവാടികളും പരിസരവും ശുചീകരിക്കും. 20നുള്ളിൽ മുഴുവൻ സ്കൂളുകളും പരിസരവും പി.ടി.എയുടെ സഹായത്തോടെ ശുചീകരിക്കാനും കിണറുകളും ടാങ്കുകളും വൃത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. മേയ് 30നകം പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഗൃഹസന്ദർശനം നടത്തും. മേയ് 25 നുള്ളിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പരിസരവും ശുചീകരിക്കും.
ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് കൈമാറാനും തീരുമാനിച്ചു. അയൽക്കൂട്ട യോഗം ചേരുമ്പോൾ വീടുകളും പരിസരവും ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമസേനക്ക് നൽകും. മേയ് 18, 19 തീയതികളിൽ ജന പങ്കാളിത്തത്തോടെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.