കാളികാവ്: ചിങ്കക്കല്ലിലെ ആദിവാസി വീട് നിർമാണത്തിന് വനം വകുപ്പ് സമ്മതപത്രം നൽകിയെങ്കിലും ഐ.ടി.ഡി.പി ഫണ്ട് പിൻവലിച്ചത് ദുരിതമായി. നേരത്തേ അനുവദിച്ച ഫണ്ട് ഐ.ടി.ഡി.പി അധികൃതർ ബാങ്കിൽനിന്ന് തിരിച്ചെടുക്കുകയായിരുന്നു.സമയപരിധി കഴിഞ്ഞതിനാലാണ് പണം തിരിച്ചെടുത്തതെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ ചിങ്കക്കല്ല് ആദിവാസി കോളനിക്കാരുടെ വീട് നിർമാണം വീണ്ടും സ്വപ്നം മാത്രമായി തുടരുന്നു. ഐ.ടി.ഡി.പി ഭവന പദ്ധതിയിൽ അനുവദിച്ച പണം അധികൃതർ ആദ്യം ബാങ്ക് വഴി മരവിപ്പിക്കുകയും പിന്നീട് തിരിച്ച് പിടിക്കുകയും ചെയ്തിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ആദിവാസി വികസന വകുപ്പ് തന്നെ കാടിന്റെ മക്കളുടെ പണം തിരിച്ചെടുത്തത്.
2013 - 14 വർഷങ്ങളിലാണ് ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിക്കാർ വീട് നിർമാണം തുടങ്ങിയത്. ഐ.ടി.ഡി.പി ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ വീട് നിർമാണം തറപ്പണി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ പിന്നീട് വനം വകുപ്പ് നിർമാണം തടയുകയും ഐ.ടി.ഡി.പി ഫണ്ട് മരവിപ്പിക്കുന്നതിന് ഉത്തരവ് നൽകുകയും ചെയ്തു. ഇതോടെ ദുരിതത്തിലായ കുടുംബങ്ങൾക്ക് ഏറെ കാലങ്ങൾക്ക് ശേഷം വനം വകുപ്പ് അനുമതി പത്രം നൽകിയിരുന്നു.
കോളനിക്കാർക്ക് ഏറെ ആശ്വാസകരമായ നടപടിയാണ് വനം വകുപ്പ് ചെയ്തത്. എന്നാൽ രണ്ട് മാസമായിട്ടും തുടർനടപടികൾ ഉണ്ടായിട്ടില്ല. വനം വകുപ്പ് നിർദേശ പ്രകാരം മരവിപ്പിച്ച ഫണ്ട് റിലീസ് ചെയ്യാൻ വനം വകുപ്പ് ഉത്തരവ് നൽകിയിരുന്നു . എന്നാൽ അതിന് മുന്നേ തന്നെ ഐ.ടി.ഡി.പി അധികൃതർ ഫണ്ട് ബാങ്കിൽനിന്ന് പിൻവലിച്ചിരിക്കുകയാണ് ചെയ്തത്.
ഇവർക്ക് നേരത്തെ സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ച് വീട് നിർമാണം തുടങ്ങാൻ കഴിയുമായിരുന്നു. എന്നാൽ ബാങ്കിലെത്തിയപ്പോഴാണ് അകൗണ്ടുകൾ കാലിയായിരിക്കുന്നത്.അതേസമയം, നടപ്പ് വർഷം പുതിയ പദ്ധതി തയ്യാറാക്കി ഇവർക്ക് വീട് വെക്കുന്നതിന് തുക അനുവദിക്കുമെന്ന് ഐ.ടി.ഡി.പി അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.