കാളികാവ്: ഒരു കുടുംബത്തിലെ അർബുദരോഗികളായ സഹോദരിമാരുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുത്ത് നാട്ടുകാരുടെ കൈത്താങ്ങ്. ചോക്കാട് പഞ്ചായത്തിലെ ചേനപ്പാടിയിൽ താമസിക്കുന്ന കുന്നുമ്മൽ ആസ്യ, സുലൈഖ എന്നിവർക്ക് വേണ്ടിയാണ് നാട് കൈകോർത്തത്. ഡൽഹി പൊലീസിലെ മലയാളി കൂട്ടായ്മയുടെ സഹായം കുടുംബത്തിന് എത്തിച്ച് നൽകി.
ചോക്കാട് ഗ്രാമപഞ്ചായത്ത് കല്ലാമൂല വാർഡ് മെംബർ ഷിജിത മൂച്ചിക്കൽ ചെയർമാനും കൂരി അലി മാഷ് കൺവീനറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്ത് മുഖ്യരക്ഷാധികാരിയും ആയി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത് വാർഡുകൾ കേന്ദ്രീകരിച്ച് മുഴുവൻ വീടുകളിലും കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചേർന്ന് പിരിവ് നടത്തി.
ഇരുവർക്കും കീമോ തെറാപ്പി ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഒരാൾ വിധവയും മറ്റൊരാൾ വിവാഹമോചിതയുമാണ്. തീർത്തും നിരാലംബരായ ഈ സഹോദരിമാർ കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്നതിനിടെയാണ് രോഗം പിടികൂടിയത്.
കേളുനായർ പടിയിലെ 1986 ബാച്ച് ഡൽഹി പൊലീസിലെ എസ്.ഐ ആയ പി. അജിത് കുമാർ എന്ന മണി പൊലീസിലെ മലയാളി കൂട്ടായ്മയുടെ സഹായത്തോടെ കുടുംബത്തിന് 52,000 രൂപ എത്തിച്ച് നൽകി. കാളികാവ് എസ്.ഐ വി. ശശിധരൻ തുക കൈമാറി. സഹായ കമ്മിറ്റി കൺവീനർ കൂരി അലി മാഷ്, മുൻ പഞ്ചായത്തംഗം എൻ. ചെന്താമരാക്ഷൻ, ടി. മുജീബ്, എം. സനു, മഠത്തിൽ കണ്ണൻ എന്നിവർ സംബന്ധിച്ചു.
കാളികാവ് കനറ ബാങ്കിൽ ആയിശ സുലൈഖ ചികിത്സാ സഹായ നിധി എന്ന പേരിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 110033957717. IFSC: CNRB0004692. 9497658317 എന്ന നമ്പറിൽ ഗൂഗിൾ പേ സംവിധാനവും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.