കാളികാവ്: അർധരാത്രി വനാന്തർഭാഗത്തുനിന്ന് തുടരെ വലിയ ശബ്ദം കേട്ടതോടെ ഭീതിയിലായ ആദിവാസികളെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി പ്രദേശമായ ചോക്കാട് 40 സെന്റ് നഗറിൽനിന്ന് വ്യാഴാഴ്ച രാത്രിയാണ് നൂറ്റമ്പതോളം പേരെ മാറ്റിപ്പാർപ്പിച്ചത്. രാത്രി 11 മണിയോടെയാണ് വനാതിർത്തിയിലുള്ള 40 സെന്റിലെ വലിയകുളത്തിന് സമീപത്തുനിന്ന് മൂന്നുതവണ വൻശബ്ദം ഉയർന്നത്. ഭീതിയിലായ പ്രദേശത്തുകാർ ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ബാനുവിനെ വിവരമറിയിക്കുകയായിരുന്നു.
ഉടനെ ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ, സി.ഐ ശശിധരൻ പിള്ള, വില്ലേജ് ഓഫിസർ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദിവാസി കുടുംബങ്ങളെ ചോക്കാട് പെടയന്താൾ ജി.എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നേരം പുലർന്നതോടെ കാളികാവ് പൊലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും 40 സെന്റിന് സമീപം കൊട്ടൻ ചോക്കാട് മലവാരത്തിൽ പരിശോധന നടത്തി. വനത്തിലെ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. തുടർന്ന് പെടയന്താൾ സ്കൂളിലെത്തിച്ച ആദിവാസികൾ തിരിച്ച് 40 സെന്റിലേക്കുതന്നെ മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.