കാളികാവ്: മഞ്ചേരി മെഡിക്കൽ കോളജ് അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലേക്കുള്ള റോഡ് നവീകരണത്തിലെ ഇഴച്ചിൽ ജനത്തെ വലക്കുന്നു. കേന്ദ്ര പദ്ധതിയായ സി.ആർ.ഐ.എഫ് സ്കീമിൽ നടക്കുന്ന കാളികാവ്-വണ്ടൂർ റോഡ് നവീകരണമാണ് ഇഴഞ്ഞ് നീങ്ങുന്നത്. ടാറിങ് വൈകിയതോടെ റോഡിൽ പലയിടത്തും പൊടി നിറഞ്ഞ് ഗതാഗതം ദുരിതമയമായിരിക്കുകയാണ്. മഴക്കാലം തുടങ്ങും റോഡ് ടാറിങ് നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം, 11 കിലോമീറ്ററുള്ള റോഡ് നവീകരണം അശാസ്ത്രീയമെന്ന് നേരത്തേ പരാതിയുണ്ട്. ഉപരിതലം ടാർ ചെയ്യാൻ 12 കോടി രൂപയാണ് സി.ആർ.ഐ.എഫ് സ്കീമിൽ അനുവദിച്ചത്. കരുവാരകുണ്ട് -കാളികാവ് റൂട്ടിലെ മലയോര പാതക്ക് ഒമ്പത് മീറ്റർ വീതിയുള്ളപ്പോൾ അതിലേറെ പ്രാധാന്യമുള്ള വണ്ടൂർ റോഡിന്റെ വീതി വെറും അഞ്ചര മീറ്റർ മാത്രം.
ഏറെ തിരക്കുള്ള റൂട്ടിൽ മിക്ക സ്ഥലങ്ങളിലും ഗതാഗത തടസ്സം നിത്യസംഭവവുമാണ്. വേണ്ടത്ര വീതി കൂട്ടാതെയുള്ള നവീകരണം സമയ നഷ്ടത്തിനും അപകടങ്ങൾക്കും കാരണമാകുമെന്നാണ് വിലയിരുത്തൽ. കൊടുവളവുകളും കാഴ്ച മറക്കുന്ന മറ്റു തടസ്സങ്ങളും അതേപടി നിലനിർത്തിയാണ് നിർമാണം നടക്കുന്നത്. ഇതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. ഈ റോഡിന് മറ്റൊരു ഫണ്ട് ലഭിക്കാൻ ഇനി ഏറെ കാത്തിരിക്കേണ്ടി വരുമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.