കാളികാവ്: പുറ്റമണ്ണ കൂനിയാറയിൽ മധുമല കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ ദുരിതത്തിൽ. വെള്ളമില്ലാത്തതിനാൽ ഇവിടെനിന്ന് രണ്ടു കുടുംബങ്ങൾ വീടുപേക്ഷിച്ചു പോയി. ബാക്കിയുള്ളവരും വലിയ പ്രയാസത്തിലാണ്. ഇതോടെ കടുത്ത പ്രതിഷേധവുമായി വീട്ടമ്മമാർ രംഗത്തെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി മധുമല പദ്ധതിയിൽനിന്നുള്ള വെള്ളം ഇവിടെ ലഭിച്ചിട്ടില്ല.
അമ്പതിലേറെ വീട്ടുകാരാണ് കുടിവെള്ളത്തിന് കടുത്ത പ്രയാസമനുഭവിക്കുന്നത്. പ്രദേശത്തെ ഏതാനും കുടുംബങ്ങളുടെ കിണറുകളിൽ പാറയാണ്. വൻ തുക മുടക്കി പാറ പൊട്ടിച്ചെങ്കിലും വെള്ളം ലഭിച്ചില്ല. കിണർ വറ്റിയിട്ട് രണ്ടുമാസമായി. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ലഭിക്കുന്ന മധുമല വെള്ളമാണ് ഏക ആശ്രയം. അത് നിലച്ചിട്ട് രണ്ടാഴ്ചയായി. അകലെനിന്ന് വെള്ളം ചുമന്ന് കൊണ്ടുവരേണ്ട അവസ്ഥയാണിപ്പോൾ.
ജല അതോറിറ്റി ഓഫിസിൽ വിളിച്ചാലും മറുപടിയില്ല. ജല അതോറിറ്റിയുടെ സംഭരണിയിലും വെള്ളം പരിമിതമാണ്. പഞ്ചായത്തിൽനിന്ന് ബദൽ സംവിധാനമുണ്ടാക്കുമെന്ന മറുപടിയാണ് കുടുംബങ്ങൾക്ക് ജല അതോറിറ്റി നൽകിയത്. എന്നാൽ പഞ്ചായത്തിൽനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുടെ കുടിവെള്ള വിതരണം നടക്കുന്നുണ്ടെങ്കിലും അതും ഇവരിലേക്ക് എത്തിയിട്ടില്ല.
എന്തുചെയ്യണമെന്നറിയാതെ പ്രയാസത്തിലാണ് അമ്പതോളം കുടുംബങ്ങൾ. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കുടിവെള്ളം എത്തിക്കണമെന്നും കുടുംബങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.