കാളികാവ്: പുല്ലങ്കോട് വെടിവെച്ച പാറയിൽ കാട്ടുപന്നികൾ ഓട്ടോയിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരം നോമ്പ് തുറന്ന് വീട്ടിലേക്ക് കുടുംബസമേതം വരുന്നതിനിടെയാണ് സംഭവം. പൂക്കോട്ടുംപാടം കാക്കപ്പൊയിൽ സ്വദേശി മുടവൻകൊളവൻ സഫറലിക്കാണ് (38) പരിക്കേറ്റത്. പന്നിക്കൂട്ടം ഓട്ടോ കുത്തിമറിച്ചിടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ സഫറലിയെ വാഹനത്തിൽ കാളികാവിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്കും കൊണ്ട്പോയി.
ഇടുപ്പെല്ലിന് പരിക്കേറ്റതിനാൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മൂന്ന് വർഷം മുമ്പ് ഇതേ സ്ഥലത്ത് പുല്ലങ്കോട് സ്വദേശി മെഹജൂബിനെ ആക്രമിച്ച് കണ്ണിന് പരിക്കേറ്റിരുന്നു. മൂന്ന് വർഷത്തോളമായി ഇദ്ദേഹം ചികിത്സയിലാണ്. വെടിവെച്ച പാറയിൽ തെരുവ് വിളക്കില്ലാത്തതും കൊടും വളവും കാരണം റോഡിന്‍റെ മുൻഭാഗം കാണാൻ കഴിയില്ല. പുല്ലങ്കോട്-കടഞ്ചീരി മലവാരങ്ങൾക്കിടയിലെ കാട്ടുപന്നികളുടെ സഞ്ചാര വഴി കൂടിയാണ് ഇത്. തെരുവ് വിളക്ക് തകരാർ പരിഹരിച്ച് വെളിച്ചം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.