കഞ്ഞിപ്പുര - മൂടാൽ ബൈപാസ്: അഞ്ച് കോടി കൂടി അനുവദിച്ചതോടെ പണി വേഗത്തിലാകും

വളാഞ്ചേരി: കഞ്ഞിപ്പുര - മൂടാൽ ബൈപാസ് നിർമാണത്തിന് ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചതോടെ പണി വേഗത്തിലാകും. എന്നാൽ, പൂർത്തിയാകാൻ ഇനിയും തുക വേണ്ടി വരും. 15 മീറ്റർ വീതിയിൽ ആറര കിലോ മീറ്റർ നീളത്തിലാണ് നിർമാണം. ഏഴ് മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യുക.

20 കോടി രൂപ റോഡ് നിർമാണത്തിനും 1.94 കോടി രൂപ കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനുമായി റിവൈസ്ഡ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. നേരത്തെ അനുവദിച്ച 13,42,83,000 രൂപയും ബജറ്റ് ചർച്ചയിൽ ധനമന്ത്രി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയും കൂടിയായതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൂടും. ശേഷിക്കുന്ന തുക കൂടി ലഭ്യമായാൽ സാധാരണ ടാറിങ് പൂർത്തിയാക്കാൻ സാധിക്കും.

എന്നാൽ, റബ്ബറൈസ് ചെയ്താൽ മാത്രമേ ഏറെക്കാലം തകർച്ചയില്ലാതെ റോഡ് നിലനിൽക്കൂ. നിർമാണം പൂർത്തിയായാൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ പോകാൻ സാധ്യതയുള്ളതിനാൽ റബ്ബറൈസ് ചെയ്യണമെന്നാണ് കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസ് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. ഇതിനായി കൂടുതൽ തുക അനുവദിക്കേണ്ടി വരും.

പൊടിശല്യം രൂക്ഷം; മനുഷ്യാവകാശ കമീഷന് നിവേദനം നൽകി

വളാഞ്ചേരി: കഞ്ഞിപ്പുര - മൂടാൽ റോഡിന് ഇരുവശത്തുമുള്ളവർ അനുഭവിക്കുന്ന പൊടിശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മനുഷ്യാവകാശ കമീഷന് നിവേദനം നൽകി.വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ ഒപ്പിട്ട നിവേദനവും കൈമാറി. 2013 ൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ബൈപാസ് നിർമാണം ഇപ്പോഴും ഇഴയുകയാണ്. ആറര കി.മീ നീളമുള്ള ബൈപാസിന്റെ സമീപവാസികൾ 10 വർഷമായി ദുരിതത്തിലാണ്.

അശാസ്ത്രീയമായി മണ്ണിടിച്ച് നികത്തിയതിനാൽ പല കുടുംബങ്ങൾക്കും വീട്ടിലേക്കുള്ള വഴി പോലും ഇല്ലാതാകുന്ന സ്ഥിതിയാണ്. ടാറിങ്ങ് ഇളക്കിമാറ്റി വീതി കൂട്ടിയതിനാൽ റോഡിന്റെ ഘടന നഷ്ടപ്പെട്ട് കുണ്ടും കുഴിയുമായി.മഴക്കാലത്ത് ചളിക്കുളവും വേനലിൽ കടുത്ത പൊടിശല്യവും. വിദ്യാർഥികളും രോഗികളുമുൾപ്പെടെയുള്ളവർ യാത്രാദുരിതം അനുഭവിക്കുന്നു. കിടപ്പുരോഗികളെപ്പോലും ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. തുടർന്നാണ് ഭാരവാഹികൾ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവർക്കും നിവേദനം നൽകിയതായി ആക്ഷൻ കമ്മിറ്റി കൺവീനർ ടി.പി. മരക്കാർ പറഞ്ഞു. ഉസ്മാൻ മാരാത്ത്, ബഷീർ മൂടാൽ, സലീം പി. കർത്തല എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Kanjipura - Moodal Bypass: The work will speed up with an additional sanction of Rs 5 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.