കൊണ്ടോട്ടി: ദുബൈയില്‍നിന്ന് എത്തിയ വിമാനയാത്രക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ നാലുപേര്‍ പിടിയില്‍. കഴിഞ്ഞ 17ന് ദുബൈയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്ന തൊട്ടില്‍പ്പാലം സ്വദേശി പാറശ്ശേരി മിത്തല്‍ റിയാസിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മലപ്പുറം മമ്പാട് കച്ചേരിക്കുനിയില്‍ മുഹമ്മദ് ബഷീര്‍ എന്ന വിഗ്രഹം ബഷീര്‍ (45), കോരക്കാട് ഇഷല്‍ മന്‍സില്‍ അബ്ദുൽ നാസര്‍ (46), താമരശ്ശേരി ചെമ്പായി മുഹമ്മദ് (54) ഇവരുടെ മരുമകന് താമരശ്ശേരി കണ്ണീരുപ്പില്‍ ഫസല്‍ എന്ന ഗുണ്ടാ ഫസല്‍ (31) എന്നിവരെയാണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്. ഇവരില്‍നിന്ന് രണ്ട് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
ആറ് വാഹനങ്ങളിലായെത്തിയ സ്വര്‍ണക്കടത്ത് സംഘം കൊണ്ടോട്ടി കാളോത്ത് െവച്ച് റിയാസ് സഞ്ചരിച്ച കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മർദിച്ച് മുക്കം ടൗണില്‍ ഇറക്കിവിട്ടെന്നാണ് കേസ്.
നിധിയായി തങ്കവിഗ്രഹം ലഭിെച്ചന്ന പേരിൽ തട്ടിപ്പ് നടത്തിയതടക്കം നിലമ്പൂര്‍, വണ്ടൂര്‍, കല്‍പ്പറ്റ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിലായി ബഷീറിെൻറ പേരില്‍ നിരവധി കേസുണ്ട്.
ഫസലിന് ഗവ. ഡോക്ടറെ മർദിച്ച സംഭവത്തില്‍ താമരശ്ശേരി സ്റ്റേഷനില്‍ കേസുണ്ട്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിഗ്രഹതട്ടിപ്പിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ച് ബഷീർ ഗുണ്ടല്‍പേട്ട് ടൗണില്‍ ആഡംബര റിസോര്‍ട്ട് നടത്തിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് റിസോർട്ടില്‍ സ്ഥിരമായി വരാറുള്ള സംഘവുമായി ബഷീര്‍ സൗഹൃദത്തിലാവുകയും പങ്കാളിയാവുകയുമായിരുന്നു.
മുഖ്യപ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ വ്യാജപ്രതികളെ സ്റ്റേഷനില്‍ ഹാജരാക്കാനും ശ്രമിച്ചിരുന്നു. ഇപ്പോള്‍ പിടിയിലായവരില്‍നിന്ന് ഡമ്മി പ്രതികള്‍ക്ക് നല്കാൻ സ്വര്‍ണക്കടത്ത് സംഘം നല്കിയ ഒരുലക്ഷത്തിൽപരം രൂപയും പിടിച്ചെടുത്തു. അതേസമയം, തട്ടിക്കൊണ്ടുപോയി മര്‍ദനമേറ്റ റിയാസ് നല്കിയ മൊഴിയും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം. ബിജു, എസ്.ഐമാരായ വിനോദ് വലിയാറ്റൂര്‍, അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ്, സി.പി.ഒമാരായ സുലൈമാന്‍, സുനൂപ്, ശ്രീജിത്ത്, സജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.