കരുളായി: നെടുങ്കയത്തെ ബദൽ സ്കൂൾ അടച്ചുപൂട്ടിയതോടെ കുഞ്ഞുകുട്ടികളെ കാടിന് പുറത്തേക്ക് പഠിക്കാന്‍ വിടേണ്ട ഗതികേടിലാണ് വനത്തിനകത്തെ നെടുങ്കയം കോളനിവാസികൾ. കാല്‍നൂറ്റാണ്ടോളം നെടുങ്കയത്ത് നല്ലനിലയില്‍ പ്രവര്‍ത്തിച്ച ബദല്‍ സ്കൂള്‍ കഴിഞ്ഞ വര്‍ഷമാണ് പൂട്ടിയത്.
ഇപ്പോള്‍ എൽ.പി സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആറുകിലോമീറ്ററോളം അകലെയുള്ള കല്‍ക്കുളം സ്കൂളിലേക്കാണ് പോകുന്നത്. കാട്ടിലൂടെ നാലുകിലോ മീറ്റര്‍ സഞ്ചരിച്ചാൽ മാത്രമേ നല്ല റോഡിലെത്താനാവൂ. ദിവസേനയുള്ള ഈ യാത്ര ഏറെ ദുഷ്കരമാണെന്നാണ് രക്ഷിതാക്കളും കുട്ടികളും പറയുന്നത്.
സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തുന്ന മിക്ക കുട്ടികള്‍ക്കും ശരീരവേദനയാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. നെടുങ്കയത്തൊരു എല്‍.പി സ്കൂള്‍ തുടങ്ങിയാല്‍ ഇവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരമാകും. വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകാധ്യാപക വിദ്യാലയങ്ങളായിരുന്ന ബദല്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയത്. എന്നാൽ ഇതുമൂലമാണ് നെടുങ്കയത്തുള്ളവര് പ്രയാസത്തിലായത്.
ഇതോടെ ഏതാണ്ട് ഒരുകോടിയോളം രൂപ മുടക്കി നിര്‍മിച്ച നെടുങ്കയത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്കൂള്‍ കെട്ടിടം കാടിന് നടുവില്‍ നോക്കുകുത്തിയായി കിടക്കുകയാണ്. സ്കൂളില്‍ നിര്‍മിച്ച കുട്ടികള്‍ക്കുള്ള ഉദ്യാനവും സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നു. കെട്ടിടത്തിന് ആറു വര്‍ഷത്തെ പഴക്കം മാത്രമാണമുള്ളത്. നാലു വലിയ ക്ലാസ് മുറികളും ഓഫിസ് മുറിയും ശുചിമുറികളുമൊക്കെ ഈ കെട്ടിടത്തിലുണ്ട്.
ഇതെല്ലാം വെറുതെ കിടക്കുകയാണ്. നെടുങ്കയത്ത് ഒരു എല്‍.പി സ്കൂള്‍ തുടങ്ങുകയാണെങ്കില്‍ ഇതെല്ലാം സംരക്ഷിക്കാനും ഇവിടുത്തുകാരുടെ പഠന പ്രയാസം പരിഹരിക്കാനും കഴിയും. കൂടാതെ സമീപത്തെ കോളനികളായ മുണ്ടക്കടവ്, പുലിമുണ്ട എന്നിവിടങ്ങളിലെ കുട്ടികളെയും ഇവിടെ പഠിപ്പിക്കാനാകും.
വനത്തിനകത്തെ ഉച്ചക്കുളത്തുള്ള ട്രൈബല്‍ എല്‍.പി സ്കൂള്‍ കാലങ്ങളായി അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. രണ്ടോ മൂന്നോ കുട്ടികള്‍ മാത്രമാണ് ഇവിടെയുള്ളത്. ഈ വിദ്യാലയം നെടുങ്കയത്തേക്ക് മാറ്റിസ്ഥാപിച്ചാല്‍ സര്‍ക്കാറിന് വലിയ ചിലവില്ലാതെ തന്നെ നെടുങ്കയത്തുകാരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് ഊരുനിവാസികൾ പറയുന്നു.
വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്കൂള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ മുകളിലേക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഇവിടെ അധ്യയനം വർഷം മുതൽ എൽ.പി സ്കൂൾ അനുവദിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.