മലപ്പുറം: ജില്ലയില്‍ 16 നിയമസഭ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുമുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കH പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന് പറഞ്ഞു. കലക്ടറുടെ ചേംബറില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
1552 പോളിങ് മേഖലകളിലായി 2753 പ്രധാന ബൂത്തുകളും 2122 ഓക്സിലറി ബൂത്തുകളും ഉള്‍പ്പെടെ 4875 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 32,14,943 വോട്ടര്‍മാരുണ്ട്. 1,65,662 പേര് കന്നിവോട്ടര്‍മാരാണ്. ശാരീരിക വൈകല്യമുള്ള 28,974 പേരും 80 വയസ്സിന് മുകളിലുള്ള 46,351 വോട്ടര്‍മാരുമാണുള്ളത്. കള്ളവോട്ട് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കും. എല്ലാ ബൂത്തിലും വിവിപാറ്റ് സൗകര്യമുള്ള വോട്ടുയന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. നിയമസഭയിലേക്ക് ബാലറ്റ് യൂനിറ്റ്, കണ്ട്രോള് യൂനിറ്റ്, വിവിപാറ്റ് എന്നിവ 4,875 വീതം 14,625 എണ്ണമാണ് ഉപയോഗിക്കുന്നത്. 4,145 വോട്ടുയന്ത്രങ്ങള്‍ അധികമായി കരുതും. മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിനായി 6,429 വോട്ടുയന്ത്രങ്ങളാണ് ഉപയോഗിക്കുക. 1,823 എണ്ണം അധികം കരുതും.
ജില്ലയില്‍ എം 3 സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടുയന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ തകരാര്‍ സംഭവിക്കാനുള്ള സാധ്യത കുറവാണ്. തകരാറിലാകുന്ന യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കാനും പരിശീലനം ലഭിച്ച എൻജിനീയര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേക ടീം ഉണ്ടാകും.
ജില്ലയില്‍ 76 ഇടങ്ങളിലായി 194 ക്രിറ്റിക്കൽ ബൂത്തുകളും 38 ഇടങ്ങളിൽ തീവ്രവാദ ഭീഷണിയുള്ള 105 ബൂത്തുകളും രണ്ടിടങ്ങളിൽ ഒമ്പത് വള്‍നറബിള്‍ ബൂത്തുകളുമാണുള്ളത്. ഇവിടങ്ങളില്‍ കേന്ദ്ര സായുധസേനയുടെ സാന്നിധ്യമുണ്ടാകും. 2100 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകും. 86 ബൂത്തുകളില്‍ മുഴുവന്‍ സമയ വിഡിയോ റെക്കോഡിങ് ഉണ്ടാകും.
ബൂത്തുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ ബൂത്തിലേക്കും കോവിഡ് പ്രോട്ടോകോള്‍ ഓഫിസറെ നിയമിക്കും. ഒരു ബൂത്തിലേക്ക് 700 മാസ്കുകളും 2000 ഗ്ലൗസുകളും എത്തിക്കും. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീര താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ മൂന്നുതവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കില്‍ അപ്പോള്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും. മൂന്നുതവണയും കൂടുതലാണെങ്കില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുമുള്ളവര്ക്കും അനുവദിച്ച സമയത്ത് മാത്രമേ ഇവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കൂ. ഇതിനായി ടോക്കണ്‍ നല്‍കും.
ഇരട്ട വോട്ടുള്ള ആളുകള്‍ ഇലക്ഷന് കമീഷന് അംഗീകരിച്ച രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. കള്ളവോട്ട് തടയാൻ ഇരട്ട വോട്ടര്‍മാരുടെ ലിസ്റ്റ് വരണാധികാരികള്‍ക്ക് നല്‍കും. വരണാധികാരികള്‍ ഇവ അതത് പ്രിൈസഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കും. ചൂണ്ടുവിരലില്‍ അടയാളപ്പെടുത്തുന്ന മഷി ഉണങ്ങിയ ശേഷമേ വോട്ട് ചെയ്തവരെ പുറത്ത് പോകാന്‍ അനുവദിക്കൂ. വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരുടെ ഇരട്ടിപ്പ് കണ്ടുപിടിക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുകളിലെത്തി പരിശോധന നടത്തും. ഇരട്ട വോട്ടുള്ളവര്‍ക്ക് യഥാർഥത്തിലുള്ള ഒരു വോട്ട് മാത്രമേ ചെയ്യാന്‍ സാധിക്കൂ. ഒന്നിലധികം വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, അസി. കലക്ടര്‍ വിഷ്ണുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തെൻറ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ചുവെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണ്. ഐ.പി.സി 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരുടെയെങ്കിലും പ്രേരണക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായി ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള മരിച്ച ആളുടെയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. യഥാർഥ വോട്ടര്‍ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. വോട്ടറുടെ ഐഡൻറിറ്റി സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഏതെങ്കിലും സ്ഥാനാർഥിക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പണമോ പാരിതോഷികങ്ങളോ നല്‍കരുത്. ഭീഷണിപ്പെടുത്തുകയോ വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാക്കുകയോ പോളിങ് ബൂത്തിലോ ബൂത്തിന് സമീപമോ സംഘര്‍ഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.