കൊണ്ടോട്ടി: ഒഡിഷ ഫുട്ബാള്‍ ലീഗിലും ചാമ്പ്യന്പടയില് കൊണ്ടോട്ടിയുടെ താരത്തിളക്കം. ലീഗില്‍ കപ്പുയര്‍ത്തിയ കട്ടക്ക് സണ്‍റൈസ് ക്ലബിന് കരുത്തുപകര്‍ന്ന് ഒളവട്ടൂര്‍ സ്വദേശി അലി സ്വഫ് വാനും മേലങ്ങാടി സ്വദേശി നവീന്ദാസുമാണ് കൊണ്ടോട്ടിയുടെ കാല്പന്ത് പെരുമയുയര്ത്തി നാടിന്റെ അഭിമാനമായത്.
രണ്ട് മാസത്തോളം നീണ്ടുനിന്ന ലീഗില്‍ ഏഴ് പ്രാഥമിക റൗണ്ട് മത്സരങ്ങളും മൂന്ന് സൂപ്പര്‍ കപ്പ് മത്സരങ്ങളും പൂര്‍ത്തിയാക്കിയുള്ള കട്ടക്ക് സണ്‍റൈസ് ക്ലബിന്റെ കപ്പിലേക്കുള്ള ജൈത്രയാത്രയില്‍ പ്രതിരോധ താരമായ അലിക്കും മധ്യനിരയില്‍ കളിമെനഞ്ഞ നവീനുമൊപ്പം മധ്യനിര താരം എറണാകുളം സ്വദേശിയായ വിശാഖും നിര്‍ണായക പങ്കാണ് വഹിച്ചത്.
അരിമ്പ്ര മിഷന് സോക്കര്‍ അക്കാദമിയില്‍ കളി പഠിച്ച അലി സ്വഫ് വാന്‍ തമിഴ്നാട് സന്തോഷ് ട്രോഫി താരവും മദ്രാസ് സര്‍വകലാശാല ടീം ക്യാപ്റ്റനുമായിരുന്നു.
കേരള യുണൈറ്റഡ് ക്ലബ് കേരള പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായപ്പോള് ടീമിന്റെ പ്രതിരോധം കാത്ത താരം കണ്ണൂര്‍ ജില്ല സീനിയര്‍ ടീം, ഒളവട്ടൂര്‍ എച്ച്.ഐ.ഒ ഹയര്‍ സെക്കൻഡറി സ്കൂള്‍, തടത്തില്‍ പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊണ്ടോട്ടി ഉപജില്ല ടീമുകള്‍, കോയമ്പത്തൂര്‍ നെഹ്റു കോളജ്, ചെന്നൈ പച്ചൈപ്പാസ് കോളജ്, ചെന്നൈ അണ്ണാ സര്‍വകലാശാല ടീമുകള്‍ എന്നിവയിലൂടെയാണ് പ്രതിഭയറിയിച്ചത്. ഫറോക്ക് ന്യൂസോക്കര്‍ അക്കാദമിയിലായിരുന്നു നവീന്‍ ദാസിന്റെ ഫുട്ബാള്‍ പരിശീലനം.
കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാർഥിയാണ്. ഗോകുലം കേരള എഫ്.സിയുടെ റിസര്‍വ് ടീമിലൂടെ പ്രൊഫഷണല്‍ രംഗത്തേക്ക് വന്ന താരം കൊണ്ടോട്ടി ഉപജില്ല ടീമിലും കൊട്ടുക്കര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമിലും കളിച്ചിട്ടുണ്ട്. ഒഡിഷയില്‍ മലയാളത്തിന്റെ കളിക്കരുത്തറിയിച്ച എറണാകുളം സ്വദേശി വിശാഖ് കേരള സന്തോഷ് ട്രോഫി ടീം മുന്‍ താരവും ഗോകുലം കേരള എഫ്.സി താരവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.