കൊണ്ടോട്ടി: കനത്ത മഴയിലും നിരന്തരമുണ്ടാകുന്ന വെള്ളക്കെട്ടിലും തകര്‍ന്നടിഞ്ഞ കൊണ്ടോട്ടിയിലെ കോഴിക്കോട്-പാലക്കാട് ദേശീയപാത ബൈപാസ് റോഡില്‍ കുഴികളടക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. 17ാം മൈല്‍ മുതല്‍ കുറുപ്പത്ത് വരെയുള്ള ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ ജി.എസ്.ബി, ഡബ്യു.എം.എം ചെയ്ത് ശാസ്ത്രീയമായി അടക്കുന്ന പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ദേശീയപാത അതോറിറ്റി അനുവദിച്ച 22.98 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് അടിയന്തര അറ്റകുറ്റ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നത്. പകല്‍ സമയം വാഹനയാത്രക്ക് തടസമുണ്ടാകാത്തവിധം രാത്രിയാണ് പ്രവൃത്തികള്‍ നടത്തുന്നത്. കുറുപ്പത്ത് ഭാഗത്ത് ഇതിനകം പ്രവൃത്തികള്‍ ആരംഭിച്ചു.
നഗരമധ്യത്തിലുള്പ്പെടെ ദേശീയപാത ബൈപാസില്‍ വലുതും ചെറുതുമായി നിരവധി കുഴികള്‍ രൂപപ്പെട്ടത് വാഹനയാത്രക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ടാര്‍ അടര്‍ന്ന് രൂപപ്പെട്ട കുഴികള്‍ താൽക്കാലികമായി നികത്താറുണ്ടെങ്കിലും മഴപെയ്യുന്നതോടെ പഴയ രീതിയിലാകുന്ന സ്ഥിതിയാണ് കൊണ്ടോട്ടിയിലേത്. കുഴികളില്‍ ചാടി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങളും ചെറുതല്ല. പാത ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അറ്റകുറ്റ പണികള്‍ നീണ്ടുപോകുന്നത് യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് കുഴികളടക്കാനുള്ള പദ്ധതിക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചത്.
താൽക്കാലിക അറ്റകുറ്റപണിക്ക് വഴിയൊരുങ്ങിയെങ്കിലും ബൈപാസ് പൂർണമായും ശാസ്ത്രീയമായി നവീകരിക്കാനുള്ള പദ്ധതിക്കുള്ള അനുമതി അനന്തമായി നീണ്ടുപോകുകയാണ്. മൂന്ന് വര്‍ഷം മുമ്പ് തയാറാക്കിയ 9.6 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര ദേശീയപാത അതോറിറ്റി അവഗണിക്കുന്നത്. വെള്ളപ്പൊക്കത്തെ അതിജീവിക്കാനും ശരിയായ ഓടകളോടുകൂടിയതുമായ രീതിയില്‍ നടപ്പാതകളടക്കം സജ്ജീകരിച്ച് പാത ആധുനിക രീതിയില്‍ സൗന്ദര്യവത്ക്കരിക്കുന്ന പദ്ധതിയാണ് പാലക്കാടുള്ള ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ വിഭാഗവുമായി ബന്ധപ്പെട്ട് ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് തയാറാക്കിയിരുന്നത്. തിരുവനന്തപുരത്തെ റീജനല്‍ ഓഫീസില്‍ 2022 ആരംഭത്തില്‍ സമര്‍പ്പിച്ച പദ്ധതി ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
നിര്‍ദ്ദിഷ്ട ഹരിത പാത പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നിലവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാത സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കേണ്ടിവരുമെന്നതിനാല്‍ ഈ പാതയില്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ കേന്ദ്ര ദേശീയപാത അതോറിറ്റി തയാറാകുന്നില്ല എന്നതാണ് വസ്തുത. റോഡ് തകര്‍ച്ച കൂടുതല്‍ സങ്കീർണമായതോടെ ആദ്യം സമര്‍പ്പിച്ച പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി 2022ല്‍തന്നെ സമര്‍പ്പിച്ച 4,44,80,000 രൂപയുടെ പദ്ധതിയിലും ദേശീയപാത റീജനല്‍ ഓഫിസില്‍നിന്ന് തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. 2022 നവംബര്‍ 15ന് 26.53 ലക്ഷം രൂപ ചെലവിട്ട് 17ാം മൈലില്‍ 60 മീറ്റര്‍ നീളത്തില്‍ പാത ഇന്റര്‍ലോക്ക് കട്ടകള്‍ വിരിച്ച് ഗതാഗതയോഗ്യമാക്കിയതു മാത്രമാണ് ദേശീയപാത വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍. ഇതാകട്ടെ കഴിഞ്ഞ മഴകളില്‍ വെള്ളമുയര്‍ന്ന് വീണ്ടും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
ഗതാഗത നിയന്ത്രണം രാത്രി മാത്രം
കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൊണ്ടോട്ടി 17 മുതല്‍ കുറുപ്പത്ത് വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങളുടെ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഒമ്പത് മുതല്‍ രാവിലെവരെ ബൈപാസില്‍ വാഹന യാത്ര അനുവദിക്കില്ല. ഈ സമയം യാത്രക്കായി കുറുപ്പത്ത്-കോടങ്ങാട്-സംസ്ഥാന പാത 65-മേലങ്ങാടി-വിമാനത്താവള റോഡ്-കുളത്തൂര്‍ വഴിയോ കുറുപ്പത്ത് ചുങ്കം - കിഴിശ്ശേരി-ഓമാനൂര്‍-കൊണ്ടോട്ടി 17 വഴിയോ ഉപയോഗപ്പെടുത്തണമെന്ന് മലപ്പുറം ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.