കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തെ തുടർന്നുള്ള കരിപ്പൂർ സ്വർണക്കടത്തിന് ഒരുമാസമാകുമ്പോൾ ഇനിയും പൊലീസിെൻറ വലയിലകെപ്പടാൻ നിരവധി ക്വട്ടേഷൻ സംഘാംഗങ്ങൾ. ഏറ്റവും ഒടുവിൽ കരിപ്പൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങളിലാണ് അന്വേഷണമെത്തിനിൽക്കുന്നത്. ചെർപ്പുളശ്ശേരി, കൊടുവള്ളി, താമരശ്ശേരി, കരിപ്പൂർ തുടങ്ങിയ ക്വട്ടേഷൻ സംഘങ്ങളിലായി 23 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരിലാർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ടിപ്പർ ലോറിയടക്കം 12ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 21നാണ് സ്വർണക്കടത്തും അപകടവും നടന്നത്. പുലർച്ച നാലരയോടെ ദേശീയപാത രാമനാട്ടുകര പുളിഞ്ചോടിൽ ചെർപ്പുളശ്ശേരിയിൽനിന്നുള്ള അഞ്ച് യുവാക്കളുടെ മരണത്തോടെയാണ് സ്വർണക്കടത്തും ക്വട്ടേഷനും ചുരുളഴിയുന്നത്. ചെർപ്പുളശ്ശേരിയിൽനിന്നുള്ള സംഘത്തെ ചോദ്യം ചെയ്തതോടെയാണ് അപകടം മാഫിയ സംഘങ്ങളിലേക്കെത്തുന്നത്. ഇതോടെ ഫറൂഖ് പൊലീസ് അന്വേഷിച്ച കേസ് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ കൈകളിലെത്തി. ആദ്യം പിടിയിലായ ചെർപ്പുളശ്ശേരി സംഘത്തെ വിശദ ചോദ്യം ചെയ്യലിനായി കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു. ആദ്യമായി അറസ്റ്റിലാവുന്നത് ഈ എട്ടുപേരാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിച്ചതോടെ പുതിയ പുതിയ സംഘങ്ങളിലേക്കെത്തി.
21ന് പുലർച്ച ദുബൈയിൽനിന്ന് എത്തിയ കൊളത്തൂർ സ്വദേശി മുഹമ്മദ് ഷഫീഖിനെ സ്വർണക്കടത്തിന് കരിപ്പൂരിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കണ്ണൂർ സ്വദേശി അർജുൻ ആയങ്കിക്കാണ് സ്വർണം കൊണ്ടുവന്നതെന്ന് മനസ്സിലായി. കസ്റ്റംസ് അർജുനെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ഷഫീഖ് കൊണ്ടുവന്ന സ്വർണം കൊടുവള്ളിയിലുള്ള സ്വർണക്കടത്തു സംഘങ്ങൾക്കാണെന്നും ഇത് തട്ടിയെടുക്കാനാണ് ഷഫീഖുമായി ബന്ധമുണ്ടാക്കി അർജുൻ ആയങ്കി കരിപ്പൂരിലെത്തിയതെന്നും എന്നാൽ, ഷഫീഖിനെ പിടികൂടിയതോടെ പദ്ധതി പാളിയെന്നും അന്വേഷണസംഘം പറയുന്നു.
സ്വർണം കിട്ടാതെ മടങ്ങിയ അർജുൻ ആയങ്കിയെ പിന്തുടർന്ന ചെർപ്പുളശ്ശേരിയിൽനിന്നുള്ള അഞ്ച് യുവാക്കൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. കരിപ്പൂരിലെത്തുന്ന അനധികൃത സ്വർണം അർജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള കണ്ണൂരിൽനിന്നുള്ള സംഘം തുടർച്ചയായി തട്ടിയെടുത്തപ്പോൾ ഇവരെ പൂട്ടാൻ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ള സ്വർണക്കടത്തുകാർ ഒരുമിച്ച് വലിയ ഓപറേഷനാണ് സംഭവദിവസം ഒരുക്കിയത്. സ്വർണക്കടത്ത് കസ്റ്റംസും കവർച്ചശ്രമമടക്കമുള്ള ക്വട്ടേഷൻ ആക്രമണം കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.