കൊണ്ടോട്ടി: കുടുംബ സ്വത്ത് ഭാഗപത്രം ചെയ്യാൻ 60,000 രൂപ കൈക്കൂലി വാങ്ങിയതിന് കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫിസറെയും ഏജന്റിനെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. സബ് രജിസ്ട്രാര്‍ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി എസ്. സനില്‍ ജോസ് (50), കൊട്ടപ്പുറത്ത് ആധാരം എഴുത്ത് ഓഫിസ് നടത്തുന്ന അബ്ദുൽ ലത്തീഫിന്റെ സഹായിയും ഏജന്റുമായ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്വദേശി ടി. ബഷീര്‍ (54) എന്നിവരെയാണ് മലപ്പുറം വിജിലന്‍സ് വിഭാഗം പിടികൂടിയത്.
ഒന്നാം പ്രതിയായ സനില്‍ ജോസില്‍നിന്ന് 40,000 രൂപയും മൂന്നാം പ്രതിയായ ബഷീറിന്റെ പക്കല്‍നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. ആധാരം എഴുത്തുകാരന് അബ്ദുൽ ലത്തീഫ് കേസില്‍ രണ്ടാം പ്രതിയാണ്.
പുളിക്കല്‍ വലിയപറമ്പ് കുടുക്കില്‍ ഏറുകുഴി ശിഹാബുദ്ദീന് വിജിലന്‍സിന് നല്കിയ പരാതിയിലാണ് നടപടി. നിരവധി അവകാശികളുള്ള പുളിക്കല്‍ വില്ലേജിലെ 75 സെന്റ് സ്ഥലത്തിന് ഒഴിമുറി നടത്തി ഭാഗപത്രം തയാറാക്കാനാണ് ശിഹാബുദ്ദീന് സബ് രജിസ്ട്രാറുമായി ബന്ധപ്പെടുന്നത്.
വസ്തുവിലയുടെ 10 ശതമാനം തുകയായ 1,02,600 രൂപയുടെ സ്റ്റാമ്പ് വാങ്ങണമെന്ന് രജിസ്ട്രാര്‍ അറിയിച്ചപ്പോള്‍ ഭാഗപത്രമായതിനാല് സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാന്‍ സാധിക്കില്ലേയെന്ന് അന്വേഷിച്ചപ്പോള്‍ പുളിക്കല്‍ കൊട്ടപ്പുറത്തെ ആധാരമെഴുത്തുകാരനായ അബ്ദുൽ ലത്തീഫിനെ ചെന്ന് കാണാനും അയാള്‍ വഴി പറഞ്ഞുതരുമെന്നും രജിസ്ട്രാര്‍ അറിയിച്ചതായി പരാതിക്കാരന് വിജിലന്‍സിന് നല്കിയ പരാതിയില്‍ പറയുന്നു.
അബ്ദുല്‍ ലത്തീഫിനെ കണ്ടപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനമായി കുറച്ചുതരാമെന്നും അതിന് 60,000 രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സ്റ്റാമ്പ് വാങ്ങാനും ഫീസിനത്തിലുമായി 30,000 രൂപ നേരത്തെ നല്കിയപ്പോള് കൈക്കൂലിയായി സബ് രജിസ്ട്രാര്‍ക്കുള്ള 40,000 രൂപയും ഏജന്റിനുള്ള 20,000 രൂപയുമായി വ്യാഴാഴ്ച വരാനും ആധാരം പതിക്കാന്‍ തന്റെ ഓഫിസ് ജീവനക്കാരനും ഏജന്റുമായ ബഷീറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അബ്ദുല്‍ ലത്തീഫ് അറിയിച്ചു.
ഇക്കാര്യം പരാതിക്കാരനായ ശിഹാബുദ്ദീന് വിജിലന്‍സ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചതോടെ സബ് രജിസ്ട്രാറെയും ഏജന്റിനെയും മലപ്പുറത്ത് നിന്നെത്തിയ വിജിലന്‍സ് സംഘം വലയിലാക്കുകയായിരുന്നു.
വിജിലന്‍സ് നല്കിയ ഫിനാഫ്ത്തലിന്‍ പുരട്ടിയ നോട്ടുകള്‍ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ സബ് രജിസ്ട്രാര്‍ക്കും ഏജന്റിനും കൈമാറിയ ഉടന്‍ മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേശീയപാത ഡിവിഷനല്‍ അക്കൗണ്ട്സ് ഓഫിസര്‍ ഡാലി ബെന്നറ്റ്, കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ എസ്. ജിതേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. ഇരുവരെയും കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഇന്‍സ്പെക്ടര്‍മാരായ ഗിരീഷ് കുമാര്‍, ജ്യോതീന്ദ്രകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീനിവാസന്, മോഹനകൃഷ്ണന്, മധുസൂദനന്, സജി, ടി.ടി. ഹനീഫ, എ.എസ്.ഐ രത്നകുമാരി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജയകുമാര്‍, ഷൈജു, സന്തോഷ്, രാജീവ്, ഷറഫുദ്ദീന്, ധനേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുബിന്, സനല്‍, ശ്യാമ, ഷിഹാബ്, സുനില്‍, അഭിജിത്ത് എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.