കോട്ടക്കൽ: ഗസ്സയിലെ മനുഷ്യ കൂട്ടക്കൊലയുടെ ഭീകരത കുട്ടികളുടെ ഉള്ളുപൊള്ളിച്ചതിന്റെ നേർസാക്ഷ്യമായിരുന്നു കലാമേളയിലെ പല ഇനങ്ങളും. യുദ്ധം തീർക്കുന്ന തീരാദുരിതം വരുംതലമുറയെയാകെ നോവായി പിന്തുടരുമെന്നതിനാൽ കവിതകളിലും അക്ഷരങ്ങളിലും കുട്ടികൾ തങ്ങളുടെ ഐക്യദാർഢ്യം എഴുതിയും പാടിയും ചേർത്തുവെച്ചു.
അൽ ഖുദ്സു വഅക്കാ നഹ്നു ഇലായാഫാ, ഗസ്സത്തി നഹ്നു വ ഖൽബി ജിനീൻ
രക്തം മണക്കുന്ന ഫലസ്തീന്റെ കദനകഥയാണ് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അറബി ഗാനത്തിൽ ഒന്നാമതെത്തിയത്. മലപ്പുറം എം.എം.ഇ.ടി ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് റിനാദും ശാന്തപുരം ഐ.സി.എച്ച്.എസ്.എസിലെ പി. തമന്നയുമാണ് കലോത്സവ വേദിയിൽ ഫലസ്തീന്റെ തീരാനോവിന്റെ വരികൾ പാടിയത്. മേൽമുറി പുള്ളിയിൽ മൊയ്തീൻകുട്ടിയുടെയും അസ്മാബിയുടെയും മകനാണ് റിനാദ്. സ്കൂളിലെ അധ്യാപകനായ നദീർ മേൽമുറിയാണ് പരിശീലകൻ. പറപ്പൂർ മില്ലുംപടിയിലെ പെയിന്റിങ് തൊഴിലാളിയായ പറമ്പത്ത് ഹനീഫയുടെയും ഹർഷയുടെയും മകളായ തമന്ന ആദ്യമായാണ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുന്നത്.
ഹയർ സെക്കൻഡറി വിഭാഗം ഉറുദു പ്രസംഗ മത്സരത്തിൽ ഒന്നാമതെത്തിയ എ. നിയ ഫാത്തിമ ഗസ്സയിലെ കൂട്ടക്കുരുതിയാണ് പ്രമേയമാക്കിയത്.
വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനിയാണ്. ‘യുദ്ധവും അനന്തര ഫലങ്ങളും’ എന്ന വിഷയത്തിൽ നടന്ന പ്രസംഗത്തിലാണ് ഫലസ്തീൻ പോരാട്ടം ഉന്നയിച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് നിയ സംസ്ഥാനത്തിലേക്ക് പോകുന്നത്. അരിമ്പ്രതൊടി നൗഷാദ്-സൽമ മുഹമ്മദ് ദമ്പതികളുടെ മകളാണ്. നിഹാല, നസ്റിൻ, ആലിയ, ആയിഷ, മുഹമ്മദ് കെ.ആർ. ഫസിൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.