കോട്ടക്കൽ: വിദ്യാർഥികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്നത് പതിവായതോടെ വ്യാപാരികളും യാത്രക്കാരും ഭീതിയിൽ. ദേശീയപാത കടന്നുപോകുന്ന ചങ്കുവെട്ടി ജങ്ഷനിലാണ് വിദ്യാർഥികളുടെ പരാക്രമം. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അടിപിടി നാട്ടുകാരും മറ്റും ഒഴിവാക്കുകയായിരുന്നു. ഗവ. രാജാസ് സ്കൂൾ, എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് വിദ്യാർഥികളാണ് യാത്രക്കാരെ ആശങ്കയിലാഴ്ത്തി തമ്മിൽ തല്ലിയത്. കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സംഘടിച്ചെത്തിയ വിദ്യാർഥികൾ ആദ്യം വാക്കുതർക്കവും പിന്നീട് കൈയാങ്കളിയിലേക്കും കടക്കുകയായിരുന്നു.
വ്യാപാരികളും മറ്റും അറിയിച്ചതിനെ തുടർന്ന് കോട്ടക്കൽ പൊലീസ് എത്തിയെങ്കിലും സ്ഥിതി ശാന്തമായിരുന്നു. ആരുടേയും പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ചങ്കുവെട്ടിയിൽ ഉണ്ടാകാറുണ്ടെങ്കിലും ഈ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. വിദ്യാർഥികൾ തമ്മിൽ മിക്ക ദിവസങ്ങളിലും അടിപിടി ഉണ്ടാകുന്നത് പതിവാണെന്ന് കച്ചവടക്കാർ പറയുന്നു. സ്കൂൾ സമയങ്ങളിൽ പൊലീസിന്റെ സാന്നിധ്യം വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.