കോട്ടക്കൽ: പുത്തൂർ ചിനക്കൽ ബൈപാസ് പാതയിൽ കോട്ടക്കൽ നഗരസഭക്ക് കീഴിലെ കാവതികളത്തെ വഴിയോര കച്ചവടങ്ങൾ തൽക്കാലം പൊളിക്കില്ല. നിലവിലെ വഴിയോര കച്ചവട പട്ടിക പുനഃപരിശോധിക്കാൻ നഗരസഭ അധ്യക്ഷ ഡോ. കെ. ഹനീഷയുടെ അധ്യക്ഷതയിൽ ചേർന്ന നഗര കച്ചവട സമിതിയോഗം തീരുമാനിച്ചു. നഗരസഭ അംഗീകരിച്ച വഴിയോര കച്ചവടക്കാരുടെ വിവരങ്ങൾ പുനഃപരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ യോഗം നിയോഗിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. മാലിന്യ സംസ്കരണത്തിൽ കച്ചവടക്കാരുടെ സഹകരണം അധികൃതർ അഭ്യർഥിച്ചു. വഴിയോര കച്ചവട പദ്ധതികൾ നടപ്പാക്കാൻ നഗരസഭ പൂർണ പിന്തുണ അറിയിച്ചു. നിലവിൽ ആഴ്ചച്ചന്തയിൽ കച്ചവടം ചെയ്യുന്നവരടക്കം 200ഓളം പേരാണ് 2022ൽ പുറത്തിറക്കിയ പട്ടികയിലുള്ളത്. ഇതിൽ വ്യക്തമായ പരിശോധന നടത്താനാണ് തീരുമാനം. കൈയേറ്റങ്ങളും കുടിവെള്ള സ്രോതസ്സിലേക്ക് മലിനജലവും കലർന്നെന്ന പരാതിയിൽ പുത്തൂരിലെ വഴിയോര കച്ചവടങ്ങൾ പൊളിച്ചുനീക്കിയിരുന്നു. കലക്ടർ വി.ആർ. വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇത്തരം സ്ഥാപനങ്ങൾ കാവതികളം ഭാഗത്തും പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ നഗരസഭ സെക്രട്ടറി സ്ഥാപനങ്ങൾ നീക്കംചെയ്യാൻ നോട്ടീസ് നൽകുകയായിരുന്നു.
തുടർന്നാണ് യോഗം വിളിച്ചുചേർത്തത്. ചടങ്ങിൽ വൈസ് ചെയർമാൻ ചെരട മുഹമ്മദലി, സ്ഥിരസമിതി അധ്യക്ഷന്മാരായ ആലമ്പാട്ടിൽ റസാഖ്, പി.ടി. അബ്ദു, പി. റംല, നഗരസഭ സെക്രട്ടറി മാമ്പള്ളി സന്തോഷ്കുമാർ, സിറ്റി പ്രൊജക്ട് ഓഫിസർ അരുൺ സാബു, വില്ലജ് ഓഫിസർ എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ, തൊഴിലാളി സംഘടന പ്രതിനിധികൾ, കച്ചവട പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.