കോട്ടക്കൽ: ഭൂസംരക്ഷണ നിയമപ്രകാരം കോട്ടക്കൽ നഗരസഭക്ക് കീഴിലെ പുത്തൂർ-ചിനക്കൽ ബൈപാസ് റോഡിലെ കാവതികളത്തുള്ള അനധികൃത തെരുവുകച്ചവടം ഒഴിപ്പിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്.
ഇവിടെ തെരുവുകച്ചവടക്കാർ റോഡ് കൈയേറി കച്ചവടം നടത്തുന്നതായും വഴിയാത്രക്കാർക്ക് യാത്ര തടസ്സമുള്ളതായും മാലിന്യം തള്ളുന്നതായും പരിസരവാസികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൈയേറ്റം നടത്തി കച്ചവടം ചെയ്യുന്നവർക്ക് ഒഴിഞ്ഞുപോകുന്നതിന് നഗരസഭ നോട്ടീസ് നൽകി കഴിഞ്ഞു.
കഴിഞ്ഞ 17നാണ് സബ് കലക്ടർ ദിലീപ് കെ. കൈനിക്കര ഉത്തരവ് നഗരസഭക്ക് കൈമാറിയത്. നോട്ടീസ് കൈപ്പറ്റിയ ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ ഒഴിഞ്ഞുപോകാത്ത സ്ഥാപനങ്ങൾ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് നിർദേശം. നിലവിൽ ചിനക്കൽ ബൈപാസിൽ കാവതികളം മുതൽ കുറ്റിപ്പുറത്തുകാവ് ക്ഷേത്രം വരെയുള്ള ഭാഗത്താണ് ഇത്തരം കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ബൈപാസ് റോഡിലെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഭാഗത്തുള്ള തെരുവുകച്ചവടം നേരത്തെ ഒഴിപ്പിച്ചിരുന്നു.
കലക്ടറുടെ നിർദേശവുമായി മുന്നോട്ടുപോകും -ചെയർപേഴ്സൻ
കോട്ടക്കൽ: കാവതികളത്തുള്ള അനധികൃത തെരുവുകച്ചവടം ഒഴിപ്പിക്കാനുള്ള കലക്ടറുടെ നിർദേശപ്രകാരമുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് നഗരസഭ ചെയർപേഴ്സൻ ഡോ. കെ. ഹനീഷ അറിയിച്ചു. ഒഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കത്താണ് വ്യാപാരികൾക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം ചേർന്നത് നഗരകച്ചവട സമിതിയോഗമാണ്. ചിനക്കൽ ബൈപാസ് ഒഴിപ്പിക്കലുമായി യാതൊരു ബന്ധവുമില്ലയെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.