മലപ്പുറം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ താത്കാലിക പ്രവർത്തനമാറ്റ നടപടികൾ നീളുന്നു. ഒ.പി പ്രവർത്തനം കോട്ടപ്പടി അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിലേക്ക് മാറ്റാൻ ഏകദേശ ധാരണയായിട്ടുണ്ട്.
ഇതിന് മുന്നോടിയായി ഓഡിറ്റോറിയം അധികൃതരുമായി കരാർ നടപടികൾ പൂർത്തീകരിക്കാനുണ്ട്. പെരുമാറ്റചട്ട നടപടികൾ കഴിയുന്നതോടെ നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്ന് നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. നേരത്തെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി)യുടെ തീരുമാന പ്രകാരം സെപ്റ്റംബർ 10നകം ഒ.പി പ്രവർത്തനം മാറ്റാനാണ് തീരുമാനിച്ചതെങ്കിലും ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ നടപടികൾ വൈകിയത് മാറ്റനടപടികൾ നീളാനിടയായി.
പിന്നീട് ന്യായവില നിശ്ചക്കൽ പൂർത്തിയാക്കി. സെപ്റ്റംബർ 11ന് ചേർന്ന കൗൺസിൽ യോഗമാണ് ന്യായവില അംഗീകരിച്ചത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനപ്രകാരം ആശുപത്രിയിലെ ഒ.പി, കിടത്തി ചികിത്സ (ഐ.പി), മരുന്ന് സംഭരണ കേന്ദ്രം, എക്സറേ യൂനിറ്റ് എന്നിവയാണ് അധികൃതർ താത്കാലികം മാറ്റി ക്രമീകരിക്കാൻ നിശ്ചയിച്ചത്.
ഒ.പി വിഭാഗമാണ് ആശുപത്രിക്ക് അടുത്തുള്ള അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിലേക്ക് മാറ്റുന്നത്. കിടത്തി ചികിത്സക്ക് നിയന്ത്രണമേർപ്പെടുത്തിയത് സാധാരണക്കാരെ അടക്കം ബാധിച്ചിമുണ്ട്.
നിലവിൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനായി കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ജൻ വികാസ് കാരിക്രം (പി.എം.ജെ.വി.കെ) യിൽ 9.90 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി തുക അനുവദിച്ചിരിക്കുന്നത്. ഭിന്നശേഷി റാമ്പ്, ലിഫ്റ്റ് അടക്കമുള്ള നാലുനില കെട്ടിടമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.