തേഞ്ഞിപ്പലം :മൂല്യനിർണയത്തിലെ അപാകതകൾ മൂലം കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികൾ ബലിയടാകുന്നുവെന്ന് കെ.എസ്.യു മലപ്പുറം ജില്ല കമ്മിറ്റി.അടുത്തിടെ പുറത്തു വന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് പരീക്ഷ ഫലം വിദ്യാർഥികളെയും അധ്യാപകരെയും തീർത്തും നിരാശപ്പെടുത്തുന്നതാണെന്നും കെ.എസ്.യു അഭിപ്രായപ്പെട്ടു.
പല വിദ്യാർഥികളും മറ്റ് പേപ്പറുകളിൽ നല്ല മാർക്ക് സ്കോർ ചെയ്തിട്ടും ഒരു പേപ്പറിൽ മാത്രം പരാജയപ്പെടുകയാണ്. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ്, കുന്നംകുളം വിവേകാനന്ദ കോളജ്, സേക്രഡ് ഹാർട്ട് കോളജ് ചാലക്കുടി, സഹൃദയ കോളജ് കൊടകര തുടങ്ങിയവയിലെ വിദ്യാർഥികൾ ഇന്ത്യൻ ലിറ്ററേച്ചർ ഇൻ ഇംഗ്ലീഷ് പേപ്പറിലും, മറ്റിടങ്ങളിലെ വിദ്യാർഥികൾ ബ്രിട്ടീഷ് ലിറ്ററേച്ചർ പേപ്പറിലും പരാജയപ്പെട്ടത് മൂല്യനിർണയത്തിലെ പിഴവ് കൊണ്ടാണ്.
ഓരോ വിദ്യാർഥിയും വളരയധികം കഷ്ടപ്പെട്ട് പഠിച്ചാണ് പരീക്ഷ എഴുതുന്നത്. മൂല്യനിർണ്ണയത്തിലെ പിഴവ് മൂലം അവർക്ക് അർഹതപെട്ട മാർക്ക് ലഭിക്കാതെ വർഷങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് കെ.എസ്.യു അഭിപ്രായപ്പെട്ടു.
പ്രസ്തുത വിഷയത്തിൽ ഗൗരവകരമായ അന്വേഷണം നടത്തി പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ഒരു മാസത്തിനുള്ളിൽ പുനർ മൂല്യനിർണ്ണയ ഫലം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മലപ്പുറം ജില്ല സെക്രട്ടറി അർജുൻ കറ്റയാട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.