മലപ്പുറം: മഴക്കാലം പടി കടന്നെത്തി. രോഗങ്ങളെ പടിക്ക് പുറത്ത് നിർത്തണമെന്നാണ് അധികൃതർ പറയുന്നത്. 2022 നെ അപേക്ഷിച്ച് അഞ്ച് മാസത്തിനിടെ ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. 25,393 പേർക്കാണ് അധികമായി ജില്ലയിൽ ഈ വർഷം വൈറൽ പനി രേഖപ്പെടുത്തിയത്. ജില്ല ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. 2022ൽ ജനുവരി മുതൽ മേയ് വരെ ആകെ 1,28,800 പേർക്കാണ് ആകെ വൈറൽ പനി റിപ്പോർട്ട് ചെയ്തത്. 2023ൽ ജനുവരി മുതൽ മേയ് മാസം വരെ 1,54,193 പേർക്ക് റിപ്പോർട്ട് ചെയ്തു. 2022ൽ ജനുവരിയിൽ മാത്രമാണ് ഏറ്റവും കൂടുതൽ പനി റിപ്പോർട്ട് ചെയ്തത്. 39,502 പേർ പനി ബാധിതരായി. തുടർന്ന് വരുന്ന മാസങ്ങളിൽ പനി ബാധിതരുടെ എണ്ണത്തിൽ താരതമ്യേന കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ 28,007, മാർച്ചിൽ 21,274, ഏപ്രിലിൽ 17,776, മേയ് 22,241 കേസുകൾ റിപ്പോർട്ട് ചെയ്തു. 2023ൽ മുൻ വർഷത്തെ അപേക്ഷിച്ച് ജനുവരിയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും തുടർന്ന് വന്ന മാസങ്ങളിൽ കേസുകൾ കുറയാതെ നിന്നു. ഇതോടെ ആകെ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. 2023ൽ ജനുവരിയിൽ മാത്രം 32,114 കേസുകളാണ് റിപ്പോർട്ട് ചെയ്തതത്. മുൻ വർഷത്തെ അപേക്ഷിച്ച് 7,388 കേസുകളുടെ കുറവുണ്ടായിരുന്നു. എന്നാൽ ഫെബ്രുവരി - 30,895, മാർച്ച് - 32,636, ഏപ്രിൽ - 33,864, മേയ് - 24,684 കേസുകൾ രേഖപ്പെടുത്തി. മഴക്കാലമെത്തുന്നതോടെ വൈറൽ പനി ഇനിയും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ മുന്നോടിയായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയുണ്ട്. എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വായുവിലൂടെയാണ് വൈറൽ പനി പകരുക. തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, തലവേദന, ക്ഷീണം തുടങ്ങിയവയാണ് വൈറസിലൂടെ പകരുന്ന രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. വൈറൽപ്പനി ബാധിക്കുമ്പോൾ ചികിത്സക്കൊപ്പം വിശ്രമവും വേണ്ടിവരും.
ജില്ലയിൽ 2022നെ അപേക്ഷിച്ച് ജനുവരി മുതൽ മേയ് വരെ അഞ്ച് മാസ കണക്ക് പ്രകാരം ഡെങ്കിപ്പനിയും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 67 കേസുകളാണ് മുൻ വർഷത്തെ അപേക്ഷിച്ച് അധികമായി 2023ന് റിപ്പോർട്ട് ചെയ്തത്. 2022ൽ ആകെ 39 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 23ൽ 106 കേസായി ഉയർന്നു. 2022ൽ ജനുവരിയിലും മേയിലുമായി 12 കേസുകൾ വീതം റിപ്പോർട്ട് ചെയ്തപ്പോൾ 2023ൽ ജനുവരിയിൽ മാത്രം 36 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയിൽ 24, മാർച്ചിൽ 11, ഏപ്രിലിൽ 15, മേയിൽ 20 കേസുകളും റിപ്പോർട്ട് ചെയ്തു. 2022ൽ ഫെബ്രുവരിയിൽ എട്ട്, മാർച്ചിൽ ആറ്, ഏപ്രിൽ ഒരു കേസുമാണ് ആകെ റിപ്പോർട്ട് ചെയ്തത്.
ഡെങ്കി വൈറസ് ആണ് ഡെങ്കിപ്പനിയുണ്ടാക്കുന്നത്. ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകർ. ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1, 2, 3, 4 എന്നിങ്ങനെ നാലു വിധമുണ്ട്. കടുത്ത പനി, തലവേദന, കണ്ണിന്റെ പുറകിൽ വേദന, ശരീരവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
എലിപ്പനിയുടെ കാര്യത്തിലും കണക്ക് പ്രകാരം ഇത്തവണ ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം കൂടുതലാണ്. 2022ൽ ജനുവരി മുതൽ മേയ് വരെ അഞ്ച് മാസം ആകെ 36 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2023ൽ 39 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് കേസുകൾ അധികമായി രേഖപ്പെടുത്തി. 22ലും 23ലും ജനുവരിയിൽ 11 വീതം കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയിലും ഒരു പേലെയായിരുന്നു. അഞ്ച് വീതം കേസുകൾ ഇരു വർഷവും. മാർച്ചിൽ 2022ൽ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023ൽ ആറ് കേസായി കുറഞ്ഞു. ഏപ്രിലിൽ 2022ൽ അഞ്ച് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ 23ൽ ഏഴ് കേസായി ഉയർന്നു. മേയ് മാസത്തിൽ 22ൽ ഏഴ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ 23ൽ 10 ആയി ഉയർന്നു.
വൈറൽപ്പനിപോലെ തോന്നിപ്പിക്കുന്നതും എന്നാൽ രോഗിയെ ഗുരുതരാവസ്ഥയിൽ എത്തിക്കുന്നതുമായ പനികളിലൊന്നാണിത്. ‘ലെവ്റ്റോസ്വൈറ’എന്ന ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. കെട്ടികിടക്കുന്ന മലിനജലത്തിൽ അണുക്കൾ ജീവിക്കാറുണ്ട്. മലിന ജലത്തിൽ ചവിട്ടുമ്പോൾ കാലിലെ ചെറിയ മുറിവുകൾ വഴി അണുക്കൾ ശരീരത്തിലെത്തും. കണ്ണിലും ശരീരത്തിലും മഞ്ഞനിറം, ഓറഞ്ച്-കടുംകാപ്പി നിറത്തിൽ മൂത്രം, വേദന, കണ്ണിൽ രക്തസ്രാവം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര ചികിത്സ തേടേണ്ടതാണ്.
രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവരും വീടും പരിസരവും ശുചീകരിക്കണം. കൊതുക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. വേനൽ മഴ കഴിഞ്ഞപ്പോൾ തന്നെ ജില്ലയിൽ മലയോര മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ എലിപ്പനി പടരാനുള്ള സാധ്യതയും തള്ളി കളയാൻ കഴിയില്ല. മണ്ണും വെള്ളവുമായി സമ്പർക്കം പുലർത്തുവർക്ക് എലിപ്പനി പടരാൻ അവസരമൊരുക്കും. ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു.
ഡോ.ആർ. രേണുക,ജില്ല മെഡിക്കൽ ഓഫിസർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.