മലപ്പുറം: സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് ജനം. വെള്ളിയാഴ്ച രാവിലെ വാട്സ്ആപ്പിലൂടെ പരന്ന സന്ദേശമാണ് പണിമുടക്കിന് കാരണമായത്. ‘പരപ്പനങ്ങാടി-മഞ്ചേരി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിലെ ജീവനക്കാരനെ കള്ളക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. യാത്രക്കാര്‍ സഹകരിക്കുക’ എന്നതായിരുന്നു വാട്സ്ആപ് സന്ദേശം. ഇതിനെ തുടര്‍ന്ന് ജില്ലയില്‍ സ്വകാര്യ ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. രാവിലെ ആറു മുതൽ ആരംഭിച്ച പണിമുടക്ക് ജില്ലയിൽ എല്ലാ റൂട്ടുകളിലേക്കും വ്യാപിച്ചു.
മുന്നറിയിപ്പില്ലാതെ നടത്തിയ പണിമുടക്കില്‍ ജനം വലഞ്ഞു. വിദ്യാർഥികള്‍ക്ക് പരീക്ഷകളക്കം നടക്കുന്ന സമയത്തെ അപ്രതീക്ഷിത സമരത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് സുരക്ഷയിൽ എതാനും ബസുകൾ സർവിസ് നടത്തിയെങ്കിലും യാത്രാക്ലേശത്തിന് കുറവുണ്ടായില്ല. മഞ്ചേരി-തിരൂര്‍, മഞ്ചേരി-പരപ്പനങ്ങാടി റൂട്ടുകളിലും മഞ്ചേരി-പെരിന്തല്‍മണ്ണ, മലപ്പുറം-കൊണ്ടോട്ടി റൂട്ടിലുമാണ് ബസുകള്‍ ഏറെയും പണിമുടക്കിയത്. ഇതോടെ ഈ റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി ബസുകളായിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം. തിങ്ങിനിറഞ്ഞ കെ.എസ്.ആര്.ടി.സി ബസുകളെയാണ് ഇന്നലെ കണ്ടത്. ജില്ലയിലെ നാലു ഡിപ്പോകളിൽനിന്നും പരമാവധി അധിക ബസുകൾ നിരത്തിലിറക്കിയും ട്രിപ്പുകളുടെ എണ്ണം കൂട്ടിയും കെ.എസ്.ആർ.ടി.സി യാത്രദുരിതം തീർക്കാൻ രംഗത്തിറങ്ങി.
പരപ്പനങ്ങാടി: ബസ് യാത്രികയായ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ ബസ് ജീവനക്കാരനെ മലപ്പുറം വനിത പൊലീസ് അറസ്റ്റ് ചെയ്തതാണ് പണിമുടക്കിലേക്ക് നയിച്ചത്. മഞ്ചേരി-പരപ്പനങ്ങാടി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് നടപടി. വിദ്യാർഥിനിയുടെ രക്ഷിതാവിന്റെ പരാതിയെ തുടർന്ന് പ്രധാനാധ്യാപിക ചൈൽഡ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടതോടെയാണ് കണ്ടക്ടർക്കെതിരെ നടപടിയുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, കൺസെഷനുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് പകപോക്കൽ എന്ന നിലക്കാണ് പീഡനക്കുറ്റം ആരോപിച്ച് കണ്ടക്ടറെ കേസിൽ കുടുക്കിയതെന്ന് ബസ് ജീവനക്കാർ ആരോപിച്ചു. ഒരുകൂട്ടം കുട്ടികളെ ബസിൽ കയറ്റിയ ശേഷം ബാക്കിയുള്ളവരോട് മാറിനിൽക്കണമെന്ന് പറഞ്ഞതാണ് വിദ്യാർഥിനിയെ പ്രകോപിപ്പിച്ചതെന്നും പരാതി പരിശോധിക്കാതെയുള്ള പൊലീസ് നടപടി കടുത്ത അന്യായമാണെന്നും ബസ് ജീവനക്കാർ പറഞ്ഞു.
മലപ്പുറം: മുന്നറിയിപ്പില്ലാതെ പണിമുടക്കിയ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. ആരാണ് പണിമുടക്ക് ആഹ്വാനം ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തൊഴിലാളി സംഘടനകളും ബസുടമകളുടെ സംഘടനകളും മിന്നല്‍ പണിമുടക്കിനെ തള്ളിയിട്ടുണ്ട്. ആരാണ് പണിമുടക്കിന്റെ പിന്നിലെന്നും ആരുടെ ഫോണില്‍ നിന്നാണ് സന്ദേശം ആദ്യമായി വാട്സ്ആപ് ഗ്രൂപ്പുകളില്‍ എത്തിയതെന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.