മലപ്പുറം: ജില്ലയിലെ ആദ്യ സർക്കാർ കലാലയമായ മലപ്പുറം ഗവ. കോളജ് നിലവിൽ വന്നിട്ട് അരനൂറ്റാണ്ട് പൂർത്തിയാവുന്നു. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്ക സാഹചര്യത്തിലൂടെ കടന്നുപോയിരുന്ന മലപ്പുറത്തിന് ജില്ല രൂപവത്കരണത്തിന് പിന്നാലെ, സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് കോളജ് അനുവദിച്ചത്. 1972ൽ കോട്ടപ്പടിയിലെ താൽക്കാലിക കെട്ടിടത്തിൽ പ്രീഡിഗ്രിയും നാല് ഡിഗ്രി കോഴ്സുകളുമായായിരുന്നു തുടക്കം. സദാശിവനായിരുന്നു പ്രഥമ പ്രിൻസിപ്പൽ.
10 വർഷത്തിന് ശേഷം മുണ്ടുപറമ്പിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറി. ഒമ്പത് ബിരുദ, ഏഴ് ബിരുദാനന്തര ബിരുദ കോഴ്സുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള 1500ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. നാക് ബി പ്ലസ് ഗ്രേഡാണ് കോളജിനുള്ളത്.
ഇംഗ്ലീഷിലും ഇസ്ലാമിക് ഹിസ്റ്ററിയിലും ഗവേഷണ വിഭാഗങ്ങളുണ്ട്. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലേക്ക് നിരവധി പ്രഗല്ഭരെ സംഭാവന ചെയ്ത ചരിത്രവുമുണ്ട് ജില്ല ആസ്ഥാനത്തെ കലാലയത്തിന്. കാലിക്കറ്റ് സർവകലാശാല കലോത്സവങ്ങൾക്കും സംസ്ഥാന സ്കൂൾ കലോത്സവത്തിനും വേദിയായിട്ടുണ്ട്. പാഠ്യ, പാഠ്യേതര വിഭാഗങ്ങളിൽ നേട്ടങ്ങളുണ്ടാക്കി. സുവർണ ജൂബിലിയുടെ ഭാഗമായി വർഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ അറയിച്ചു. കോളജിെൻറ ഭൗതിക, അക്കാദമിക നിലവാരം ഉയർത്താൻ അടുത്ത കാൽനൂറ്റാണ്ടിലേക്ക് പദ്ധതികളുണ്ടാക്കും.
സെപ്റ്റംബർ 28ന് ഉച്ചക്ക് രണ്ടരക്കാണ് സുവർണ ജൂബിലി സംഘാടക സമിതി യോഗം. കോളജ് അനുവദിച്ച സി.എച്ച്. മുഹമ്മദ് കോയയുടെ 38ാം ചരമവാർഷിക ദിനത്തിലാണ് പരിപാടിയെന്നത് യാദൃച്ഛികം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.