1. ബഷീർ രണ്ടത്താണി (യു.ഡി.എഫ്) 2. കെ.പി. അബ്ദുൽ കരീം (എൽ.ഡി.എഫ്) 3.വിജയകുമാർ കാടാമ്പുഴ (എൻ.ഡി.എ) 4. അഷറഫ് പുത്തനത്താണി (എസ്.ഡി.പി.ഐ) 

അങ്കക്കളത്തിൽ നാലു പേർ; ആതവനാട് ഡിവിഷനിൽ പോര് മുറുകി

വളാഞ്ചേരി: സ്ഥാനാർഥികളെ പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ ജില്ല പഞ്ചായത്ത് ആതവനാട് ഡിവിഷനിൽ പോര് മുറുകി. 21നാണ് തെരഞ്ഞെടുപ്പ്. അങ്കക്കളത്തിൽ നാല് സ്ഥാനാർഥികളാണുള്ളത്. യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിംലീഗിലെ ബഷീർ രണ്ടത്താണി, എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ആതവനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് കെ.പി. അബ്ദുൽ കരീം, എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി പ്രതിനിധി വിജയകുമാർ കാടാമ്പുഴ, എസ്.ഡി.പി.ഐ പ്രതിനിധിയായി അഷറഫ് പുത്തനത്താണി എന്നിവർ മത്സരിക്കുന്നു. യു.ഡി.എഫ് പ്രതിനിധി മൂർക്കത്ത് ഹംസ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും, ആതവനാട് പഞ്ചായത്തിലെ ഒമ്പത്, മാറാക്കര പഞ്ചായത്തിലെ 13 വാർഡും ഉൾപ്പെടെ 45 വാർഡുകളിലെ വോട്ടർമാരാണ് 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുക.

മൂർക്കത്ത് ഹംസ മാസ്റ്റർ 10,095 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി എൻ.സി.പി പ്രതിനിധിയായ റഷീദ് വട്ടപറമ്പനെ തോൽപിച്ചത്. എൻ.സി.പിക്കാണ് എൽ.ഡി.എഫ് സീറ്റ് നൽകിയതെങ്കിലും സീറ്റ് തിരിച്ചുപിടിക്കാൻ മുൻ ലീഗുകാരൻ കൂടിയായ കെ.പി. അബ്ദുൽ കരീമിനെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിപ്പിക്കുന്നത്. ആതവനാട് ഡിവിഷൻ ഉൾപ്പെടുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. ഡിവിഷനിൽ യു.ഡി.എഫിന്‍റെ സ്വാധീനവും, മൂർക്കത്ത് ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ഡിവിഷൻ നിലനിർത്താൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.

മുസ്ലിംലീഗ് പഞ്ചായത്ത്‌ നേതാവും ആതവനാട് പഞ്ചായത്ത്‌ പ്രസിഡന്‍റുമായിരുന്ന കെ.പി. അബ്ദുൽ കരീമിലൂടെ ഡിവിഷൻ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ് ക്യാമ്പ്. മാറാക്കര മരുതിൽ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം, തിരൂർ എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി, ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്‍റ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് എൻ.ഡി.എ സ്ഥാനാർഥി വിജയകുമാർ കാടാമ്പുഴ.

Tags:    
News Summary - Jilla Panchayath Athavanad division election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.