മലപ്പുറം: സാങ്കേതിക തടസ്സങ്ങളിൽപെട്ട് വർഷങ്ങളോളം മുടങ്ങിക്കിടന്ന കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് സ്റ്റാൻഡ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം പുരോഗമിക്കുന്നു. പി. ഉബൈദുല്ല എം.എൽ.എയുടെ രണ്ടുകോടി രൂപയുടെ എസ്റ്റിമേറ്റിലുള്ള പ്രവൃത്തികളാണ് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നത്. ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ ചുമരുകളുടെ ശേഷിച്ച തേപ്പ് ജോലികൾ പൂർത്തിയായി. ചുമരിൽ പ്രൈമർ അടിക്കുന്ന ജോലി നടക്കുകയാണ്.
കെട്ടിടത്തിന്റെ രണ്ട് സ്റ്റെയർകേസുകൾക്ക് മീതെ ഷീറ്റുകൊണ്ടുള്ള മേൽക്കൂര സ്ഥാപിച്ചു. ടെർമിനൽ കെട്ടിടത്തിന്റെ തറയിൽ ഗ്രാനൈറ്റ് വിരിക്കുന്ന പണി ഉടൻ ആരംഭിക്കും.
ടോയ്ലെറ്റിന്റെ പ്ലമ്പിങ്, ടൈലിങ് ജോലികൾ ഉടൻ തുടങ്ങും. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകൾനിലയുടെ വിൻഡോകൾക്ക് ഷട്ടർ സ്ഥാപിക്കും.
ഭിന്നശേഷിക്കാർക്കും കാഴ്ചപരിമിതർക്കും അപകടമില്ലാതെ സ്റ്റാൻഡിലെത്താൻ പാകത്തിൽ ഫൂട്ട്പാത്ത് ഒരുക്കും. ടെർമിനൽ കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തെ സംരക്ഷണ ഭിത്തി നിർമാണം പൂർത്തിയാക്കും. ഇതിനു ശേഷമായിരിക്കും ബസ്സ്റ്റാൻഡ് യാർഡിലെ മണ്ണുനീക്കി ഇൻർലോക്ക് കട്ട പതിക്കുക. ഇതിനായി പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഡിപ്പോയിലെത്തി ടോട്ടൽ സ്റ്റേഷൻ സർവേ പൂർത്തിയാക്കി. വോള്യം കാൽകുലേഷൻ നടന്നുവരികയാണ്.
കെട്ടിടത്തിന്റെ തറനിരപ്പിൽനിന്ന് ഒരടി താഴ്ത്തി മണ്ണ് നീക്കി ലെവലിങ് നടത്തേണ്ടി വരുമെന്നാണ് അനുമാനം. അവിടെനിന്നും നീക്കുന്ന മണ്ണ് നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്തണം. മഴ മാറിയ ശേഷമേ യാർഡിലെ മണ്ണുനീക്കുന്ന ജോലി തുടങ്ങുകയുള്ളൂ. കട്ടവിരിക്കൽ പ്രവൃത്തിക്ക് മുമ്പ് ബസ് സ്റ്റാൻഡ് അവിടെനിന്നും താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.