മലപ്പുറം: 2016 ജനുവരി രണ്ടിനാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടത്. ഒന്നര വർഷംകൊണ്ട് പണി പൂർത്തിയാക്കും എന്നായിരുന്നു വാഗ്ദാനം. ശേഷം രണ്ട് സർക്കാറുകൾ വന്നു. ശിലാസ്ഥാപനത്തിന് ആറ് കൊല്ലം പൂർത്തിയായി. അതേ ജനുവരിയിൽത്തന്നെ പ്രവൃത്തികളും തുടങ്ങിയിരുന്നു. അന്ന് പറഞ്ഞ ഒന്നര വർഷത്തിന് ഇനിയെത്ര കൊല്ലങ്ങളുടെ ദൈർഘ്യമുണ്ടാവുമെന്നാണ് ചോദ്യം. 2021ന്റെ പകുതിയിൽ ഗതാഗത മന്ത്രി പ്രഖ്യാപിച്ചത് ഡിസംബർ 31ഓടെ പണി തീർക്കുമെന്നാണ്. ആ സമയവും കഴിഞ്ഞിട്ടും പ്രവൃത്തികൾ പൂർത്തിയാവാതെ കിടക്കുന്നു.
കുറഞ്ഞ് കുറഞ്ഞ് നിലകളുടെ എണ്ണം
ശോച്യാവസ്ഥയിലുള്ള ഡിപ്പോയുടെ സ്ഥാനത്ത് 11 നില ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ പതിറ്റാണ്ട് മുമ്പ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. പ്ലാനുകൾ പലതവണ തിരുത്തി ആറ് നിലയിലെത്തി. ഇതിൽ മൂന്ന് നിലയിലാണ് ആദ്യഘട്ട നിർമാണം. കൂടെ പ്രഖ്യാപിച്ചവയെല്ലാം പൂർത്തിയായെങ്കിലും മലപ്പുറത്തേത് മാത്രം അനന്തമായി നീണ്ടു പോവുകയായിരുന്നു. 18 കോടിയാണ് ചെലവ് കണക്കാക്കുന്നത്. ബാക്കി മൂന്ന് നിലകൾ രണ്ടാം ഘട്ടത്തിൽ പണിയും. കുന്നുമ്മലിലെ 2.34 ഏക്കർ സ്ഥലത്താണ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം.
ഇഴഞ്ഞിഴഞ്ഞ് അന്തിമഘട്ടത്തിലേക്ക്
പല കാരണങ്ങളാൽ മാസങ്ങളോളം മുടങ്ങിക്കിടന്ന ബസ് ടെർമിനലിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഫിനിഷിങ് പണികളാണ് ബാക്കി കിടക്കുന്നത്. ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യാൻ ടെൻഡർ കൊടുത്തു കഴിഞ്ഞു. ലോഡ് കണക്കിലെടുത്ത് സബ് സ്റ്റേഷൻ സ്ഥാപിക്കാനും ആലോചനയുണ്ട്. ഇതിന് മണ്ണ് പരിശോധന നടത്തി. ശുചിമുറികൾ മൂന്ന് മാസത്തിനകം നിർമിക്കാനാവുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഓഫിസ് പ്രവർത്തനം പുതിയ കെട്ടിടത്തിൽ
ഡിപ്പോയിലെ ഓഫിസുകൾ ഏതാനും മാസങ്ങൾക്ക് മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസും റിസർവേഷൻ കൗണ്ടറും ജില്ല ട്രാൻസ്പോർട്ട് ഓഫിസറുടെ കാര്യാലയവുമെല്ലാം ഇവിടെ താഴെ നിലയിലാണ് പ്രവർത്തിക്കുന്നത്. രണ്ടാം നിലയിൽ മറ്റു ഓഫിസ് പ്രവർത്തനങ്ങളും നടക്കുന്നു.
മുറ്റം നന്നാക്കാൻ കെട്ടിടം പൊളിക്കാൻ ആളുണ്ടോ?
ബസുകളെയും യാത്രക്കാരെയും സംബന്ധിച്ച് പ്രധാന ആവശ്യമാണ് യാർഡ് (മുറ്റം). ഇത് നന്നാക്കണമെങ്കിൽ പഴയ കെട്ടിടങ്ങൾ പൂർണമായി പൊളിക്കണം. താൽക്കാലിക ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിക്കാൻ മൂന്ന് തവണ ടെൻഡർ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തുടർ നടപടികൾക്ക് ചീഫ് ഓഫിസിലേക്ക് അയച്ചിട്ടുണ്ട്. ചുറ്റുമതിലും ടവറും പൊളിക്കാൻ ടെൻഡർ നൽകാൻ ജനുവരി 18ന് ലേലം നടക്കും.
ആർക്കും വേണ്ടാതെ കടമുറികൾ
ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ പ്രധാന വരുമാന മാർഗമാണ്. 39 മുറികളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. എന്നാൽ, പലതവണ ലേലം നടന്നിട്ടും ഏറ്റെടുക്കാൻ ആളെത്തിയത് ഒന്നിന് മാത്രം. ലേലത്തുക നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ, കടകൾ ഏറ്റെടുക്കാൻ ആളെത്താത്തത് നിർമാണത്തെ ദോഷകരമായി ബാധിച്ചു.
പൊതുജനത്തിനും ഡീസൽ നിറക്കാൻ പമ്പ് വരുന്നു
പഴയ ഡിപ്പോ കെട്ടിടത്തിന്റെ ഭാഗമായി ഡീസൽ പമ്പുണ്ടായിരുന്നു. ഇത് പൊളിച്ചു നീക്കിയതോടെ സ്വകാര്യ പമ്പുകളിൽനിന്നും സബ് ഡിപ്പോകളിൽനിന്നുമൊക്കെയാണ് മലപ്പുറത്തെ ബസുകൾ ഇന്ധനം നിറക്കുന്നത്. പൊതുജനങ്ങൾക്ക് കൂടി വാഹനത്തിൽ ഡീസൽ നിറക്കാൻ കഴിയുന്ന പമ്പിന് അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ ബസ് ടെർമിനലിന്റെ ഭാഗമായി ഇതുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.