മലപ്പുറം: കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിൽ ഹോം ഷോപ് പദ്ധതി കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലും കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലും ആദ്യഘട്ടം നടപ്പാക്കും. വനിതകളുടെ നേതൃത്വത്തിൽ നിർമിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള പ്രാദേശിക ഉൽപന്നങ്ങൾക്ക് തദ്ദേശീയമായിത്തന്നെ വിപണി കണ്ടെത്തുന്ന നൂതന വിപണന പദ്ധതിയാണിത്. ജില്ലയിലെ മുഴുവൻ നഗരസഭകളിലും പഞ്ചായത്തുകളിലും ഹോം ഷോപ്പുകൾ വരുന്നതോടെ പതിനായിരത്തോളം വനിതകൾക്ക് തൊഴിലവസരമുണ്ടാവുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ ഒന്നാം ഘട്ടം ഓരോ സി.ഡി.എസിന് കീഴിലും ഓരോ സി.ഡി.എസ് ലെവൽ കോഓഡിനേറ്റർമാരെയും (സി.എൽ.സി) വാർഡ്തല ഫെസിലിറ്റേറ്റർമാരെയും നിയമിക്കും. അപേക്ഷകരിൽനിന്ന് അഭിമുഖം നടത്തിയാണ് വാർഡ്തല ഫെസിലിറ്റേറ്റർമാരെയും (ഡബ്ല്യു.എൽ.എഫ്) സി.എൽ.സിമാരെയും കണ്ടെത്തുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ചത്തെ പരിശീലനം നൽകിയതിനു ശേഷമായിരിക്കും നിയമനം. ഡബ്ല്യു.എൽ.എഫുമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി പാസായ, ഇരുചക്ര വാഹന ലൈസൻസുള്ള, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. പദ്ധതി നടപ്പാക്കുന്ന മേഖലകളിലേക്ക് സി.എൽ.സിമാരെയും നിയമിക്കുന്നുണ്ട്. സി.എൽ.സി പ്ലസ് ടു പാസായ, ഇരുചക്ര വാഹന ലൈസൻസുള്ള, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകൾ ആയിരിക്കണം. അപേക്ഷ ഫോറങ്ങൾ അതത് സി.ഡി.എസ് ഓഫിസുകളിൽ ലഭ്യമാണ്. ഒക്ടോബർ ആദ്യവാരം ഉദ്ഘാടനം നടത്താവുന്ന രീതിയിലാണ് ഹോം ഷോപ് പദ്ധതിയുടെ സംഘാടന പ്രവർത്തനങ്ങൾ. അതിനകം തന്നെ മുഴുവൻ പേർക്കും പരിശീലനം പൂർത്തിയാക്കി നിയമിക്കുമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.