മലപ്പുറം: നഗരസഭയിലെ ആറാം വാർഡ് ചോലക്കലിനെയും 17ാം വാർഡ് ചെറാട്ടുകുഴിയെയും വേർതിരിക്കുന്ന പൊതുഅടയാളങ്ങൾ രേഖപ്പെടുത്തിയതായി കാണുന്നില്ലെന്ന് വിവരാവകാശ രേഖ. ചെറാട്ടുകുഴി സമന്വയം റെസിഡന്റ്സ് ആൻഡ് കൾചറൽ അസോസിയേഷൻ പ്രസിഡന്റ് ഇ. സിദ്ദീഖ് വിവരാവകാശ നിയമപ്രകാരം ചോദിച്ചതിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. നഗരസഭ പൊതുഭരണ വിഭാഗം സൂപ്രണ്ട് പ്രമോദ് ദാസാണ് ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.
നിലവിൽ ഓരോ പ്രദേശത്തെയും പൊതു അടയാളങ്ങളുടെ അടിസ്ഥാനത്തിലാണ് വാർഡുകൾ വേർതിരിക്കുന്നത്. പുഴ, തോട്, കലുങ്ക്, പൊതു ഇടവഴികൾ, റോഡുകൾ എന്നിവ വാർഡ് തിരിക്കാൻ ഉപയോഗപ്പെടുത്തും. ഇവ പരിഗണിച്ചാണ് അതത് പ്രദേശങ്ങളിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും നമ്പർ വരെ നൽകുന്നത്. കൂടാതെ, നഗരസഭ ജീവനക്കാർക്ക് അവരുടെ അധികാരം വേർതിരിച്ചുവരെ നൽകുന്നത് വാർഡുകൾ തിരിച്ചാണ്.
എന്നാൽ, ഇവിടെ ഇത്തരം അടയാളങ്ങൾ കാണുന്നില്ല എന്നാണ് മറുപടി നൽകിയിരിക്കുന്നത്. അധികൃതരുടെ മറുപടിയിൽ കുഴങ്ങിയിരിക്കുകയാണ് സമന്വയം െറസിഡന്റ്സ് ആൻഡ് കൾചറൽ അസോസിയേഷൻ.
നഗരസഭ നൽകിയ വിവരാവകാശ മറുപടി സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് സെക്രട്ടറി കെ.പി. ഹസീന അറിയിച്ചു. നിലവിൽ നഗരസഭ യാഥാർഥ്യമാക്കാൻ തീരുമാനിച്ച ചെറാട്ടുകുഴി-വാറങ്കോട് എം.ബി.എച്ച് ലിങ്ക് റോഡ് വരുന്നത് ആറാം വാർഡിലാണ്. റോഡ് പാലക്കാട്-കോഴിക്കോട് ദേശീയപാതയുമായി ബന്ധിപ്പിക്കാൻ സാധിച്ചാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. റോഡ് സംബന്ധിച്ച് ഹൈകോടതിയിൽ കേസുണ്ട്.
റോഡ് ഏറ്റെടുക്കുന്ന വിഷയം വരുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.